സ്കൂൾ അധ്യാപകർക്ക് മികവു നോക്കി ശമ്പളം നൽകുന്നതിനായി നാഷണൽ പ്രഫഷണൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്സ് എന്ന മാർഗരേഖയുടെ കരട് എൻസിടിഇ തയാറാക്കി. കരടു നയത്തിന്റെ അടിസ്ഥാനത്തിൽ അപ്രൈസൽ സംവിധാനത്തിലൂടെ രാജ്യത്തെ സ്കൂൾ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്തി മാർക്കിടുന്ന രീതി യാഥാർത്ഥ്യമാകും. സ്കൂൾ അധ്യാപകരുടെ ശമ്പളവർധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തിലുള്ളത് മറ്റു പുതിയ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാവും നടത്തുക. സിബിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ ബോർഡുകളിലും ഈ രീതി നടപ്പിലാകും. സേവനകാലാവധിയുടെ അടിസ്ഥാനത്തിൽ പിൻനിരയിലേക്ക് ഒതുങ്ങിപോകുന്ന അധ്യാപകർക്ക് ഈ രീതി നടപ്പിലാകുന്നതോടെ മുൻനിരയിലേക്ക് എത്താൻ സാധിക്കും.
അപ്രെെസൽ സംവിധാനത്തിൽ അധ്യപകന്റെ ഔദ്യോഗിക ജീവിതം ബിഗിനർ, പ്രിഫിഷ്യന്റ്, എക്സ്പർട്ട്, ലീഡ് നാലു ഘട്ടങ്ങളായി മാറും. ഓരോ പത്തു വർഷം കൂടുമ്പോഴും പ്രഫഷണൽ നിലവാര മാനദണ്ഡങ്ങൾ വിലയിരുത്തി പരിഷ്കരിക്കണമെന്നാണ് നിർദ്ദേശം. പ്രവർത്തന വിലയിരുത്തലിനും ഉന്നത തലത്തിലേക്കു മാറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതി എൻസിടിഇ ആയിരിക്കും. എല്ലാ വർഷവും 50 മണിക്കൂറെങ്കിലും തുടർപരിശീലന പരിപാടികളിൽ പങ്കെടുക്കണമെന്നുള്ള പ്രത്യേക നിർദ്ദേശവുമുണ്ട്. ഡിസംബർ 16 വരെ കരടു മാർഗരേഖയിൽ പൊതുജനങ്ങൾക്കു നിർദേശങ്ങൾ സമർപ്പിക്കാമെന്നും എൻസിടിഇ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ncte.gov.in/ എന്ന വെബ്സെെറ്റ് സന്ദർശിക്കാം