Spread the love
സ്കൂളുകളിൽ ഇനി അതിവേഗ ഇന്റർനെറ്റ്, 100 എംബിപിഎസ് വേഗതയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ധാരണ. ഹൈസ്കൂള്‍, ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ സ്കൂളുകളില്‍ 100 എംബിപിഎസ് വേഗത്തില്‍ ബ്രോഡ്ബാൻ‍‍ഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായി കൈറ്റും ബിഎസ്എന്‍എല്ലും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്‍റേയും സാന്നിധ്യത്തില്‍ കൈറ്റ് സിഇഒ, കെ.അന്‍വർ സാദത്തും ബിഎസ്എന്‍എല്‍ കേരളാ സിജിഎം, സി.വി.വിനോദുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ഇത് പ്രാവർത്തികമാകുന്നതോടെ സ്കൂളുകളിൽ ഇന്റർനെറ്റിന് വേഗത കൂടും. നിലവിലെ 8 എംബിപിഎസ് വേഗതയുള്ള ഫൈബർ കണക്ഷനുകളാണ് പന്ത്രണ്ടര ഇരട്ടി വേഗത്തില്‍ ബ്രോഡ്ബാൻഡ് ആകുന്നത്. ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4,685 സ്കൂളുകളിലെ 45,000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്‍റ്  ലഭ്യമാകും. പ്രതിവർഷം നികുതിക്ക് പുറമേ 10,000 രൂപ നിരക്കില്‍ 8 എംബിപിഎസ് വേഗതയില്‍ ബ്രോ‍ഡ്ബാൻഡ് നല്‍കാനുള്ള കരാറില്‍ അധിക തുക ഈടാക്കാതെയാണ് അതിവേഗ ഇന്‍റർനെറ്റ് നൽകുന്നത്. ഒരു സ്കൂളിന് പ്രതിമാസം 3,300 ജിബി ഡേറ്റ ഈ വേഗതയില്‍ ഉപയോഗിക്കാം.

 വേഗത കൂടിയ ബ്രോഡ്ബാൻഡ് എല്ലാ ക്ലാസ് മുറികളിലും എത്തുന്നത് ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം വിനിമയങ്ങൾ ശക്തിപ്പെടുത്തും. കൈറ്റ് വിക്ടേഴ്സ് ചാനൽ എല്ലാ ക്ലാസ് മുറികളിലും തടസങ്ങളില്ലാതെ ലഭ്യമാകാനും ഇത് സഹായിക്കും.

Leave a Reply