Spread the love

ആലുവ (എറണാകുളം)∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കണ്ടെത്തൽ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യവകുപ്പ് തന്നെയാണ്. കുറ്റക്കാർ ആരായാലും സംരക്ഷിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘‘ആരോഗ്യ വകുപ്പ് രണ്ട് അന്വേഷണം നടത്തി കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ കേസ് പൊലീസ് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. ആരോഗ്യ വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറില്ല. ആരൊക്കെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയുണ്ടാകും. ’’– വീണ ജോർജ് വ്യക്തമാക്കി.സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന്റെ കണ്ടെത്തലും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും രണ്ടുതട്ടിലാണ്. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം ഒരു എംആർഐ സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഇങ്ങനെയൊരു കണ്ടെത്തലിലേക്കു പോകാൻ സാധിക്കില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

ജില്ലാമെഡിക്കൽ ബോർഡിന്റെ കണ്ടെത്തലിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന് ഹർഷിന അപ്പീൽ നൽകിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്തുകൊണ്ട് കേസുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.

Leave a Reply