ആലുവ∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടമായ എൻഎഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തു സ്ഥലം ഏറ്റെടുക്കുന്നതിനും വീടുകളും കടകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനും നൽകേണ്ട നഷ്ടപരിഹാര തുക നിശ്ചയിച്ചു റവന്യു വകുപ്പ്, റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആർബിഡിസികെ നഷ്ടപരിഹാരവും നിർമാണ ചെലവും അടക്കമുള്ള തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കിഫ്‌ബിക്കും കത്തു നൽകി. അൻവർ സാദത്ത് എംഎൽഎ ജനുവരി 23നു വിളിച്ചുചേർത്ത അവലോകന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
സീപോർട്ട്–എയർപോർട്ട് റോഡിന്റെ നിർമാണം എത്രയും വേഗം പൂർത്തീകരിച്ചു റോഡിനു സ്ഥലം വിട്ടുനൽകുന്നവർ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും കലക്ടറുടെ ചേംബറിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേരാറുണ്ട്. റോഡിന് 76 ഏക്കർ 10 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇവിടെ 28 വീടുകളും 6 വ്യാപാര സ്ഥാപനങ്ങളും അടക്കം 34 കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം. വീടുകളിൽ നാലെണ്ണം കടകളോടു കൂടിയതാണ്. സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനും 619.15 കോടി രൂപയാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത് റോഡ് നിർമാണത്തിനു 102.88 കോടി രൂപ വേറെയും വേണം.
കിഫ്‌ബിയിൽ നിന്നു പദ്ധതിക്ക് ആവശ്യമായ തുക അനുവദിച്ചു കഴിഞ്ഞാൽ 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്ന നടപടി തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചു. തുടർന്നു റവന്യു വകുപ്പ് ലാൻഡ് അക്വിസിഷൻ വിഭാഗം സ്ഥലം ഉടമകളിൽ നിന്ന് ഏറ്റെടുക്കേണ്ട ഭൂമിയുടെ മഹസർ തയാറാക്കി വില നിശ്ചയിക്കാനുള്ള ഡ്രാഫ്റ്റ് വാല്യു സ്റ്റേറ്റ്മെന്റ് (ഡിഎസ്) കലക്ടർക്കു സമർപ്പിക്കും. കലക്ടർ ഡിഎസ് അംഗീകരിച്ചു കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കാൻ അറിയിച്ചു സ്ഥലം ഉടമകൾക്കു നോട്ടിസ് നൽകും.
സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ചു നഷ്ടപരിഹാര തുകയുടെ ഡ്രാഫ്റ്റ് അവാർഡ് നിശ്ചയിച്ചു കലക്ടർക്കു നൽകുകയാണ് അടുത്ത നടപടി. കലക്ടർ ഡ്രാഫ്റ്റ് അവാർഡ് പരിശോധിച്ച് അംഗീകാരം നൽകിയാൽ നഷ്ടപരിഹാര തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റും. സ്ഥലം ഉടനെ ഏറ്റെടുക്കുകയും ചെയ്യും. നിർമാണം തുടങ്ങാൻ പിന്നെ താമസം ഉണ്ടാകില്ലെന്നും എംഎൽഎ അറിയിച്ചു.