കാറിന്റെ ഡ്രൈവറും മുൻസീറ്റിൽ യാത്ര ചെയ്യുന്ന ആളും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കാൻ തീരുമാനം. രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇരട്ടി പിഴ അടയ്ക്കേണ്ടി വരും. വാഹന ഉടമയ്ക്ക് പിഴത്തുക വ്യക്തമാക്കി രണ്ട് ചെലാനുകൾ ലഭിക്കും.
നിലവിൽ നേരിട്ടുള്ള പരിശോധനകളിൽ ഉദ്യോഗസ്ഥർ ഡ്രൈവർക്ക് മാത്രം പിഴ ഈടാക്കി സഹയാത്രികരെ ഒഴിവാക്കാറുണ്ടായിരുന്നു. ഇനി ഇളവ് ഉണ്ടാകില്ല. ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഏറ്റവുമധികവും കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ്; 7,896. അതുപോലെ, ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ രണ്ടുപേർ യാത്ര ചെയ്താൽ 500രൂപ വീതം രണ്ടു പിഴ ചെലാനുകൾ വാഹന ഉടമയ്ക്ക് ലഭിക്കും.
വിഐപി വാഹനങ്ങളെ പിഴയിൽനിന്ന് ഒഴിവാക്കരുതെന്ന് ആന്റണി രാജു കർശന നിർദേശം നൽകി. ഇതുവരെ 56 വിഐപി വാഹനങ്ങളെ നിയമലംഘനത്തിന് പിടികൂടി. ഇവയിെലല്ലാം സീറ്റ് ബെൽറ്റ് ധരിക്കാത്തതാണു നിയമലംഘനം. മന്ത്രിമാരുടെ വാഹനങ്ങൾ ഇക്കൂട്ടത്തിൽ ഇല്ല.
അപകടമരണവും നിയമലംഘനവും കുറഞ്ഞു
ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ഗതാഗതവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 12 പേർ അപകടങ്ങളിൽ മരിച്ചിരുന്നത് 8 ആയി കുറഞ്ഞു.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച അഞ്ചാം തീയതി മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്.
റോഡിൽ നിയമം ലംഘിക്കുന്നവരുടെ എണ്ണവും കുറയുകയാണെന്ന് മോട്ടർവാഹന വകുപ്പ് പറയുന്നു. ആറിന് 1,21,681 പേരുടെ നിയമലംഘനമാണു കണ്ടെത്തിയത്. 7: 87,675, 8: 79,525. ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 4 ലക്ഷം നിയമലംഘനങ്ങൾവരെ കണ്ടെത്തിയിരുന്നു.