Spread the love

ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിങ്ങിനെ പാർപ്പിച്ചിരിക്കുന്ന ജയിലിലെ സെല്ലിൽ വൻ സുരക്ഷാവീഴ്ച. അസമിലെ ദിബ്രുഗഡ് ജയിലിൽ അമൃത്പാല്‍ കഴിയുന്ന സെല്ലിലെ തടവുകാരിൽനിന്നു സ്പൈ ക്യാം പേന, സ്മാർട്ട് ഫോൺ, സിംകാർഡ്, ടെലിവിഷൻ റിമോട്ട്, പെൻഡ്രൈവുകൾ, ബ്ലൂടുത്ത്ഹെഡ്സെറ്റ് എന്നിവ പിടിച്ചെടുത്തു.

അമൃത്പാലിനു പുറമെ എട്ടു കൂട്ടാളികൾ അദ്ദേഹത്തിന് ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽനിന്ന് ഇത്രയും വസ്തുക്കൾ പിടിച്ചെടുത്തതിന്റെ ഞെട്ടലിലാണ് അധികൃതർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു ജയിലിനുള്ളിൽ പരിശോധന നടന്നത്.

അമൃത്പാൽ സിങ്ങിന്റെ ബന്ധുക്കൾക്കും അഭിഭാഷകർക്കും ജയിലിനുള്ളിൽ ഇവരെ സന്ദർശിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഇവർ വഴിയാണോ ജയിലിനുള്ളിൽ ഇത്തരം വസ്തുക്കൾ എത്തിയതെന്നു പരിശോധിക്കുമെന്നും സുരക്ഷാ വീഴ്ച വിലയിരുത്തിയിട്ടുണ്ടെന്നും എസ്പി ശ്വേതങ്ക് മിശ്ര പറഞ്ഞു. സെല്ലിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അമൃത്പാൽ സിങ്ങിനെ കഴിഞ്ഞവർഷം ഏപ്രിലിലാണു പഞ്ചാബിലെ മോഗയിൽനിന്ന് അറസ്റ്റു ചെയ്തത്. ഒരു മാസം നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. സുരക്ഷാപ്രശ്നങ്ങൾ വിലയിരുത്തിയാണ് ഇവരെ അസമിലെ ജയിലിലേക്കു മാറ്റിയത്.

Leave a Reply