വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഒരുക്കാന്‍ ഹൈക്കോടതി ഉത്തരവ് . സമരത്തെ തുടർന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹര്‍ജികളിലാണ് ജസ്റ്റിസ് അനു ശിവറാമിന്റെ ഉത്തരവ്. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. തുറമുഖ നിർമാണ പ്രദേശത്ത് സമരക്കാർ അതിക്രമിച്ച് കടക്കരുത്. സമരം സമാധാനപരമായി തുടരാമെന്നും കോടതി വ്യക്തമാക്കി.
തുറമുഖ നിർമാണത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പുരോഹിതർ ഉൾപ്പെടെയുള്ള സമരക്കാർ അതിസുരക്ഷാ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് അദാനി ഗ്രൂപ്പും നിർമാണ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചത്. തുറമുഖ പദ്ധതിയുടെ 80 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തി പൂർത്തിയായെന്നും പദ്ധതിക്കുവേണ്ടി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെ പോലും ഒഴിപ്പിച്ചിട്ടില്ലെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.
സ്ത്രീകളേയും കുട്ടികളേയും മുന്‍പില്‍ നിർത്തി സമരം ചെയ്യുന്നതിനാല്‍ കടുത്ത നടപടികൾ സ്വീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാര്‍ കോടതിയെ അറിയിച്ചു. തീരസംരക്ഷണത്തിനായി പദ്ധതികൾ നടപ്പാക്കി വരികയാണ്. സമരക്കാർ ആവശ്യപ്പെടുന്ന മണ്ണെണ്ണ സബ്‌സിഡി സംസ്ഥാനത്തിന്‍റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും സർക്കാർ വിശദീകരിച്ചു.
ഓഗസ്റ്റ് 29ന് ഹര്‍ജി പരിഗണിക്കവെ, വിഴിഞ്ഞം പദ്ധതി തടയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ കൃത്യമായ സ്ഥലത്ത് ഉന്നയിക്കാമെന്നും പദ്ധതി തടസപ്പെടുത്തുന്ന വിധം പ്രതിഷേധങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.