ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന പുഷ്പ 2 ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലും സിനിമ ട്രെൻഡിങ്ങാണ്. ഈ വേളയിൽ പുഷ്പ 2 നെക്കുറിച്ച് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ വിജയം ഏറെ ആവേശം പകരുന്നതാണ്. അല്ലു അർജുൻ നായകനാകുന്നതിൽ സന്തോഷമുണ്ട്. എന്നാൽ അല്ലു അർജുന്റെ സിനിമ ഇന്ത്യയിലെ എല്ലാ റെക്കോർഡുകളും തകർത്ത് വിജയമാകുന്നെന്നത് കാണുമ്പോൾ അത് പറഞ്ഞറിയിക്കുന്നതിന് അപ്പുറത്തുള്ള ആവേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. രാജമൗലിയുടെ ചിത്രം ‘RRR’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും ‘ബാഹുബലി 2’ വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു. 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ ‘ദംഗലി’ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ദംഗലിന്റെ ആഗോള കളക്ഷന്‍.