‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ മലയാള സിനിമയിൽ ഇപ്പോൾ സജീവമായി തുടരുന്ന നടി നടന്മാരിൽ ഈ ട്രെൻഡിങ് ഡയലോഗ് പറയാൻ ഏറ്റവും അനുയോജനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സാക്ഷാൽ ടോവിനോ തോമസ്. മലയാള സിനിമയിൽ പറയത്തക്ക ഗോഡ് ഫാദറോ വഴികാട്ടിയോ ഇല്ലാഞ്ഞിട്ടും സ്വന്തം പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഉയരങ്ങൾ കീഴടക്കിയ നടനാണ് ടോവി. ഇപ്പോഴിതാ താൻ സിനിമകൾക്ക് വേണ്ടി നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചും ഇതിനെല്ലാം കുടുംബം നൽകുന്ന ഉറച്ച പിന്തുണയെ കുറിച്ചും വാചാലനായിരിക്കുകയാണ് ടോവിനോ.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത നടന്റെ ഹിറ്റ് ചിത്രം കല്ലുമാലയെ കുറിച്ച് സംസാരിച്ചായിരുന്നു തുറന്നുപറച്ചിൽ. സിനിമയ്ക്ക് വേണ്ടി ടോവിനോ നിരവധി സംഘട്ടനങ്ങളിലും ഇഷ്ടമല്ലായിരുന്നിട്ട് കൂടി ഡാൻസ് അടക്കമുള്ള മേഖലകളിലും കൈ വച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ അടക്കമുള്ള ഷൂട്ടിംഗ് രംഗങ്ങൾ വളരെ കഷ്ടപ്പെട്ടാണ് ചെയ്തു തീർത്തെന്നും തല്ലുമാലയ്ക്ക് തൊട്ടുമുൻപ് ഭാര്യ ലിഡിയയോട് സിനിമയിൽ നിന്നും തൽക്കാലം ബ്രേക്ക് എടുക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നതായും ടോവിനോ പറയുന്നു. തല്ലുമാലയിലെ പാട്ടിന്റെ ഷൂട്ടിങ്ങിനിടെ ഭാര്യയും കുടുംബവും സെറ്റിൽ എത്തിയിരുന്നു എന്നും തന്റെ കഷ്ടപ്പാടുകൾ നേരിട്ട് കണ്ടതോടെ മുൻപ് ആശ്വസിപ്പിച്ചിരുന്ന അതേ ഭാര്യ തന്നെ അഭിനയം വേണമെങ്കിൽ നിർത്തിക്കോളൂ എന്ന് തന്നോട് പറഞ്ഞു എന്നും നടൻ പറയുന്നു.
തന്റെ പിതാവും ഇതേ പോലെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ടോവി പറഞ്ഞു. ‘നിന്റെ പെങ്ങളെ കെട്ടിച്ചുവിട്ടത് ഞാനാണ്, ഇനി നിന്റെ മകളെയും! അതിനിനിയും സമയമുണ്ട്. അതിന് നീ ഇത്രയും പണിയെടുക്കേണ്ട കാര്യമില്ല’ എന്നാണ് തന്റെ കഷ്ടപ്പാട് കണ്ടു അച്ഛൻ പറഞ്ഞതെന്നും നടൻ പറയുന്നു. അച്ഛനാണെങ്കിലും ഭാര്യയാണെങ്കിലും ഉള്ളതൊക്കെ വച്ച് ജീവിക്കാം എന്ന ധൈര്യമാണ് തനിക്കെപ്പോഴും തന്നിട്ടുള്ളതെന്നും ടോവി പറയുന്നു.