മലപ്പുറം /കോട്ടക്കൽ: ഓഡോമീറ്റർ വിച്ഛേദിച്ച് സർവിസ് നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. 1 ലക്ഷം രൂപ പിഴ ചുമത്തി. തിരൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് ഡീലർ ഓടിച്ചു കൊണ്ടുപോകുന്നതിനിടെ മലപ്പുറം കോട്ടക്കലിലാണ് വാഹനം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്.
ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനില്ലാതെ (ടി.സി.ആർ) ഡീലർ നിരത്തിൽ ഇറക്കുമ്പോൾ ആവശ്യമായ രേഖകൾ വാഹനത്തിന് ഉണ്ടായിരുന്നില്ല. ടി.സി.ആർ ഇല്ലാതെയാണ് വാഹനമോടിച്ചിരുന്നത്. അസ്സൽ ടി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ പാടില്ല എന്നാണ് ചട്ടം. വിശദ പരിശോധനയിൽ വാഹനത്തിന്റെ സ്പീഡോമീറ്റർ വിച്ഛേദിച്ചതായും കണ്ടെത്തി.
വാഹനം എത്ര കിലോമീറ്റർ ഓടിയാലും ഓഡോമീറ്ററിൽ നിലവിലുള്ള കിലോമീറ്ററിൽ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ ഡീലർമാരുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ടെസ്റ്റ് ഡ്രൈവുകൾക്കുമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെ പുതിയ വാഹനമായി വിൽക്കുകയും ചെയ്യും.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്. പ്രദീപിന്റെ നിർദേശാനുസരണം എം.വി.ഐ സജി തോമസിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ ഷൂജ മാട്ടം, ഷബീർ പാക്കാടൻ എന്നിവരാണ് വാഹനം പിടികൂടിയത്.