Spread the love
നാറ്റോയ്ക്ക് മുന്നറിയിപ്പുമായി സെലെന്‍സ്കി

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം നടക്കുമ്പോഴും പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി പ്രതിരോധക്കോട്ട തീര്‍ത്ത് സ്വന്തം രാജ്യത്തിനായി പോരാടുകയാണ്. “ജീവന് വേണ്ടി, ഉക്രൈന്‍റെ സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ യുദ്ധത്തിന്‍റെ 18-ാം ദിനം’ എന്ന് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം കുറിച്ചു. യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെ കാണാന്‍ പ്രസിഡന്‍റ് സെലെന്‍സ്കി ആശുപത്രിയിലെത്തി. സന്ദര്‍ശനത്തിനിടെ സായുധ സേനയിലെ 106 സൈനികർക്ക് അദ്ദേഹം ‘ഹീറോസ് ഓഫ് ഉക്രൈന്‍’ എന്ന പദവി നൽകി ആദരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുദ്ധമുഖത്ത് നിന്ന് സ്വരക്ഷയ്ക്കായി ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങളും ആശുപത്രികളും തെരഞ്ഞെടുത്താണ് റഷ്യ അക്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രസിഡന്‍റിന്‍റെ ആശുപത്രി സന്ദര്‍ശനം. മിസൈല്‍ അക്രമണത്തിന് പിന്നാലെ റഷ്യ, അടുത്തതായി യൂറോപ്പിലെ നാറ്റോ രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് തന്‍റെ ഏറ്റവും പുതിയ വീഡിയോയില്‍ സെലെന്‍സ്കി ആരോപിച്ചു. ‘നിങ്ങൾ ഞങ്ങളുടെ ആകാശം അടച്ചില്ലെങ്കിൽ, റഷ്യൻ മിസൈലുകൾ നിങ്ങളുടെ പ്രദേശത്ത്, നാറ്റോ പ്രദേശത്ത്, നാറ്റോ പൗരന്മാരുടെ വീടുകളിൽ പതിക്കുമെന്നും’ സെലെന്‍സ്കി മുന്നറിയിപ്പ് നല്‍കി. ഉക്രൈന്‍റെ ചരിത്രത്തിലെ ഏറ്റവും മോശമായ പരീക്ഷണത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും എങ്കിലും പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതത്തിൽ, നമ്മുടെ പക്കലുള്ള ഏറ്റവും വിലപ്പെട്ട വസ്തുവിനെ ഞങ്ങൾ സംരക്ഷിക്കുന്നു. നമ്മൾ പിടിച്ചു നിൽക്കണം. നമ്മൾ പോരാടണം. ഞങ്ങൾ വിജയിക്കുകയും ചെയ്യും. അതെനിക്കറിയാം. ഞാൻ അതിൽ വിശ്വസിക്കുന്നു. സെലെന്‍സ്കി തന്‍റെ ഏറ്റവും പുതിയ വീഡിയോയില്‍ പറഞ്ഞു.

Leave a Reply