കോൺഗ്രസിൻ്റെ പരമോന്നത സമിതിയായ പ്രവർത്തകസമിതിയിൽ ഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ.കെ.ആൻ്റണി. ഇനി പ്രവര്‍ത്തന മേഖല കേരളമാണെന്നും തന്നെപ്പോലെ പാര്‍ട്ടി മറ്റാര്‍ക്കും അവസരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമയം ആകുമ്പോള്‍ പദവികളില്‍ നിന്നും മാറണമെന്നാണ് തന്റെ നിലപാട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിൽ 101 ശതമാനം സംതൃപ്തനാണ് താൻ. രാഷ്ട്രീയ ജീവിതത്തിൽ വലിയ പിന്തുണ തന്ന നെഹ്റു കുടുംബത്തെ മറക്കാനാകില്ല. പാർട്ടിയിലേക്ക് തിരിച്ച് വന്നപ്പോൾ മറ്റാരോടും കാണിക്കാത്ത പരിഗണന തനിക്ക് പാർട്ടി നൽകി, അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ എപ്പോഴും നല്ലതാണ്. പൂച്ചെണ്ടുകൾ ആണ് അപകടം. വിമർശിക്കുന്നവരെ പാർട്ടി നശിപ്പിക്കുമെങ്കിൽ തന്നെയാണ് ആദ്യം നശിപ്പിക്കേണ്ടിയിരുന്നത്. കാലഘട്ടത്തിന്റെ ആവശ്യം നോക്കിയാണ് താൻ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. അദ്ദേഹം കൂട്ടിച്ചേർത്തു.