മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരായ പ്രചാരണത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പിന്തുണച്ച് നടി സീമ ജി. നായര്‍. എത്രയൊക്കെ വിദ്വേഷപ്രചാരണം വന്നാലും ചിത്രം കാണേണ്ടവര്‍ കാണും. ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വെക്കാനുള്ളതല്ല. കോഴികട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞ് എന്തിനാണ് ബഹളമെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ചിത്രത്തിന്റെ പേര് പറയാത്ത കുറിപ്പിനൊപ്പം എമ്പുരാന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്
സിനിമയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് വരുന്നത്. ഇതില്‍ പലതിനും അവര്‍ മറുപടിയും നല്‍കുന്നുണ്ട്. പിന്നാലെ പങ്കുവെച്ച പോസ്റ്റില്‍ ‘തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുന്നു’, എന്ന് നടി കുറിച്ചു. ആരൊക്കെ എത്രയൊക്കെ തെറിവിളിച്ചാലും എവിടെയും ഏശില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സീമ ജി. നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ആരെ പേടിക്കാനാണ്,ധൈര്യമായിട്ടു മുന്നോട്ട് ..എത്രയൊക്കെ hate campaign വന്നാലും ..കാണേണ്ടവര്‍ ഇത് കാണും ..പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നില്‍ക്കുന്ന കാലഘട്ടം,ഇപ്പോള്‍ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു .ആരെ ,ആരാണ് പേടിക്കേണ്ടത് ,കൈകെട്ടി ,കഴുത്തു കുനിച്ചു നിര്‍ത്തി ,കഴുത്തു വെട്ടുന്നരീതി അത് കേരളത്തില്‍ വിലപ്പോകില്ല ,ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വെക്കാന്‍ ഉള്ളതല്ല ,പറയേണ്ടപ്പോള്‍ ,പറയേണ്ടത് ,പറയാന്‍ ധൈര്യം കാണിച്ച നിങ്ങള്‍ക്കിരിക്കട്ടെ..ഇവിടെ ആര്‍ക്കാണ് പൊള്ളിയത് ,ആരുടെ പേര് ആരെങ്കിലും പറഞ്ഞോ ,കോഴികട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം ..സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ ..ഇതിനിടയില്‍ തമ്മില്‍ അടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ വളരെയേറെ ..നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ് ..പോരട്ടങ്ങനെ പോരട്ടെ ,തെറി കൂമ്പാരങ്ങള്‍ പോരട്ടെ. എല്ലാവര്‍ക്കും എന്തോ കൊള്ളുന്നുവെങ്കില്‍ അതില്‍ എന്തോ ഇല്ലേ ..ഒന്നും ഇല്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരെ. ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും ,ഒറ്റ അച്ഛന് പിറന്നവര്‍ മുന്നോട്ട് …,,(തെറി പാര്‍സെലില്‍ വരുന്നുണ്ട് ,പോസ്റ്റ് ഇട്ടതെ ഉള്ളു ..സൂപ്പര്‍ ആണ് ..എന്റെ പ്രിയപ്പെട്ടവര്‍ ആരും കമന്റ് വായിക്കല്ലേ ..കുറച്ചൊക്കെ ഞാന്‍ റിപ്ലൈ കൊടുക്കുന്നുണ്ട് ??ഉറക്കം വരുമ്പോള്‍ പോയി കിടക്കുമെ..എന്റെ പൊന്നോ എന്റെ അപ്പൂപ്പന്‍ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും )അത്രക്കും ഉണ്ട് ..പറ്റാത്തത് ഞാന്‍ ഡിലീറ്റ് ചെയ്യുമേ
പിന്നീട് പങ്കുവെച്ച കുറിപ്പില്‍നിന്ന്:
ശുഭദിനം. തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുന്നു ..ആണുങ്ങളും ,പെണ്ണുങ്ങളും ഉണ്ട് ..ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ലാ ..കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത് ..സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല ,സിനിമയില്ലേല്‍ ,സീരിയല്‍ ,അതില്ലേല്‍ നാടകം ..ഇനി അതുമില്ലേല്‍ ഒരു തട്ടുകട തുടങ്ങും ..അത് മതി ജീവിക്കാന്‍ ..സിനിമ നടിയായി സപ്രമഞ്ച കട്ടിലില്‍ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല