
പാലക്കാട് തങ്കം ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിന്‍റെ പാർശ്വഫലം മൂലം വയോധിക മരിച്ചെന്ന് ആരോപണം. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂർ സ്വദേശിക്ക് കാൻസറിന്‍റെ മരുന്ന് നൽകിയെന്ന ഗുരുതര ആരോപണമാണ് ആശുപത്രിക്കെതിരെ ഉയരുന്നത്. 2021 ഫെബ്രുവരി 5 നാണ് നടുവേദനയെ തുടർന്ന് പഴമ്പാലക്കോട് സ്വദേശി സാവിത്രിയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് മരുന്ന് മാറി നൽകി. ഇതോടെ ശരീരം മുഴുവൻ പുണ്ണ് വന്ന് അത്യാഹിതത്തിലായി. നടുവേദനയ്ക്ക് നൽകിയത് ക്യാൻസറിനുള്ള മരുന്നായിരുന്നുവെന്ന് പിന്നീട് മറ്റൊരു ആശുപത്രിയിൽ നിന്നാണ് വ്യക്തമായത്. ഇതോടെ കുടുംബം കേസുമായി മുന്നോട്ട് പോയപ്പോൾ തങ്കം ആശുപത്രി അധികൃതർ ഒത്തു തീർപ്പിന് ശ്രമിച്ചുവെന്നും മരിച്ച സാവിത്രിയുടെ ഭർത്താവ് മോഹനൻ പറയുന്നു. മെത്തോട്രെക്സേറ്റ് എന്ന മരുന്നിനെ കുറിച്ചും പാർശ്വഫലത്തെ കുറിച്ചും ചികിത്സിച്ച ഡോക്ടറോട് കുടുംബം വിവരം തിരക്കിയപ്പോൾ പത്തുപേർക്ക് ഈ മരുന്ന് കൊടുക്കുമ്പോൾ അവരിൽ അഞ്ചുപേര് ജീവിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്യും. ഞങ്ങൾ എന്താണ് ചെയ്യുകയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. പ്രസവത്തോടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രിയിൽ നിന്നുള്ള ദുരനുഭവങ്ങൾ പറഞ്ഞ് നിരവധിപേരാണ് രംഗത്ത് വരുന്നത്.