
വാനരവസൂരി സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയത് സ്വയം ടാക്സി വിളിച്. രോഗിക്ക് അമ്മയുമായി മാത്രം സമ്പർക്കം എന്ന ആദ്യ അറിയിപ്പും തെറ്റാണ്. കുട്ടികൾ അടക്കം ആറു കുടുംബാംഗങ്ങളുമായി രോഗി അടുത്ത സമ്പർക്കം പുലര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പര്‍ 30 സി) ഇദ്ദേഹം യാത്രചെയ്തത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണ് ഇപ്പോള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്.