Spread the love
ഭക്ഷണ ശാലകളിലെ സർവ്വീസ് ചാർജ്; നടപടി സ്വീകരിക്കാനൊരുങ്ങി ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഭക്ഷണശാലകളിലെ ബില്ലുകളിൽ നിർബന്ധിതമായി സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സി .സി.പി.എ). സമാന രീതിയിലുള്ള നിരവധി പരാതികളുണ്ടായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തീരുമാനിച്ചത്. ഇത്തരത്തിലുള്ള പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് സി.സി.പി.എ. നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയിൽ പെടുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് നേരിട്ട് പരാതി നൽകാനും സാധിക്കും.
ഭക്ഷണശാലകളിൽ ബില്ലിനും ജി.എസ്.ടിക്കും പുറമെ നിർബന്ധിത സർവ്വീസ് ചാർജ്ജ് ഈടാക്കുന്നത് നിയമ ലംഘനമാണ്. ഭക്ഷണത്തിന് നിശ്ചയിച്ചിരിക്കുന്ന തുകയിൽ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചെലവ്, വിതരണം ചെയ്യുന്നതിനുള്ള തുക, മറ്റ് ചെലവുകൾ എന്നിവ ഉൾപ്പെടുത്തിയതായിരിക്കണമെന്ന് നിർദേശമുണ്ട്. സർവ്വീസ് ചാർജ്ജ് എന്നത് ഉപഭോക്താക്കൾ സ്വമേധയാ നൽകേണ്ട പാരിതോഷികമാണ്. ഭക്ഷണത്തിന്റ വിലയോടൊപ്പം ബാധകമായ ടാക്സ് മാത്രമേ ചുമത്താൻ പാടുള്ളു. സർവ്വീസ് ചാർജ് നൽകുന്നവർക്ക് മാത്രമേ ഭക്ഷണശാലയിൽ പ്രവേശിക്കാൻ പാടുള്ളു എന്ന് നിർദ്ദേശിക്കാൻ പാടില്ല. ഭക്ഷണം വിളമ്പുന്നതിന് സർവ്വീസ് ചാർജ്ജ് നിർബന്ധമായി നൽകണമെന്ന് നിഷ്കർഷിക്കുവാൻ പാടില്ല. മറ്റു പേരുകളിൽ സർവ്വീസ് ചാര്‍ജ്ജ് ഈടാക്കാനും പാടില്ല.

ഇത്തരത്തിലുള്ള ഏതെങ്കിലും നിയമലംഘനങ്ങൾ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്ന പക്ഷം സർവ്വീസ് ചാർജ്ജ് ആയി ഈടാക്കിയ തുക നീക്കം ചെയ്യാൻ ഭക്ഷണ ശാല ഉടമകളോട് ആവശ്യപ്പെടണം. അല്ലെങ്കിൽ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈൻ നമ്പർ ആയ 1915 ലോ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ മൊബൈൽ ആപ്ലിക്കേഷനിലോ പരാതി സമർപ്പിക്കാം.
പരാതികൾ www.edaakhil.nic.in എന്ന വിലാസത്തില്‍ സമർപ്പിക്കാം. പരാതികൾ ജില്ലാ കളക്ടർക്ക് നേരിട്ടോ com-ccpa@nic.in എന്ന വിലാസത്തിലോ സമർപ്പിക്കാവുന്നതാണ്.

Leave a Reply