മംഗളൂരുവിൽ വൻ സെക്സ് റാക്കറ്റ് സംഘത്തെ പൊലീസ് പിടികൂടി. കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും വേശ്യാവൃത്തിക്ക് നിയോഗിക്കുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
അട്ടാവർ നന്ദിഗുഡയിലുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് സംഘം പ്രവർത്തിച്ചിരുന്നത്. ചതിവിൽപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെയും കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും വേശ്യാവൃത്തിക്ക് വേണ്ടി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. അതിജീവിതയായ പതിനേഴുകാരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് റാക്കറ്റിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ, ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. മൂന്നുപേർകൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും മംഗളൂരു സിറ്റി പൊലീസ് അറിയിച്ചു. പാണ്ഡെശ്വരം വനിത സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അപ്പാർട്ട്മമെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലടക്കം നിരവധി ക്യാമറകൾ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി.
ഇടപാടുകാരെ ബ്ലാക് മെയിൽ ചെയ്ത് സംഘം പണം തട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും .