
തൃശൂർ∙ തൃശൂരിൽ രണ്ടു ബസ് അപകടങ്ങളിൽ നിരവധിപ്പേർക്ക് പരുക്ക്. തൃശൂർ തലോർ ദേശീയപാതയിലും തുമ്പൂരിലുമായിരുന്നു അപകടങ്ങള്‍. ഇതിൽ അഞ്ചുപേർക്ക് ഗുരുതരമായി പരുക്കേറ്റു. തലോർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ ബസിടിച്ച് 23 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് നാമക്കല്ലിൽ നിന്നുള്ള പഠനയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ നാലോടെ തലോർ ദേശീയപാതയിൽ ജറുസലേം ധ്യാനകേന്ദ്രത്തിന് സമീപമായിരുന്നു അപകടം.
തകരാറിലായ ലോറി നന്നാക്കുന്നതിനായി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്ക് ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പാടെ തകർന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസെത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്.
തുമ്പൂരില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്നവർക്കും പരുക്കേറ്റു. പരുക്കേറ്റവർ ഇരിങ്ങാലക്കുടയിലേയും തൃശ്ശൂരിലേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.