പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിയായ യുവതിയും നൽകിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതിനാൽ അഭിഭാഷകൻ ഹാജരാകാൻ സാധിക്കാത്തതിനെ തുടർന്നാണിത്. കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന ചോദ്യത്തിന് യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണ് മറുപടി നൽകിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം. ബിനോയ് ഡി എൻ എ പരിശോധനയ്ക്ക് വിധേയമാകുകയും, എന്നാൽ, ഡി എൻ എ പരിശോധന റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒത്തുതീർപ്പ് വ്യവസ്ഥകളിൽ മകൻ തന്റേതാണെന്ന് ബിനോയ് സമ്മതിച്ചിട്ടില്ല.