കോട്ടയം: എം ജി സർവകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ പത്ത് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്.
ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയിൽ, അർഷോം, ദീപക്, അമൽ, പ്രജിത് കെ ബാബു, സുധിൻ എന്നിവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേർക്കെതിരെയും ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മർദ്ദിച്ചു, എന്നീ കുറ്റങ്ങളും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും താൻ നിൽക്കുകയില്ല എന്നും വനിതാ നേതാവ് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെഎം അരുണിനെതിരെ മൊഴിനൽകി എന്നായിരുന്നു പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പെൺകുട്ടി അരുണിനെതിരെ മൊഴി നൽകിയിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. അതുകൊണ്ടാണ് അരുണിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നും പൊലീസ് പറയുന്നു. എംജി സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ വനിതാ നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു.