Spread the love
സൗദി പ്രവാസികളുടെ സ്വപ്നങ്ങൾക്ക് മേൽ വീണ്ടും കരിനിഴലുകൾ വീഴുന്നു; ഇത്തവണ പുതിയ രൂപത്തിൽ

ജിദ്ദ: കൊറോണ, നിതാഖാത്ത്, സൗദിവത്ക്കരണം, ഇഖാമ പ്രൊഫഷൻ മാറ്റ വിലക്ക്, ലെവി തുടങ്ങി വിവിധ പരീക്ഷണങ്ങൾ സമീപകാലത്ത് നേരിട്ടവരാണ് സൗദി പ്രവാസികൾ.

എന്നാൽ ഏത് തരം പരീക്ഷണങ്ങളെയും പല രീതികളിലും പ്രതിരോധിച്ച് കൊണ്ട് തന്നെ ഭൂരിഭാഗം സൗദി പ്രവാസികളും സൗദിയിൽ തന്നെ ഏതെങ്കിലും രീതിയിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ കൊറോണ പ്രതിസന്ധി തീർത്ത ബാധ്യതകളിൽ നിന്ന് കര കയറി വരുന്നതിനിടയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ചില പുതിയ അഗ്നി പരീക്ഷണങ്ങളാണ് പല പ്രവാസികളും നേരിടേണ്ടി വരുന്നതെന്നാണ് പ്രവാസി സുഹൃത്തുകൾ അറിയിക്കുന്നത്.

പ്രത്യേകിച്ച് ജിദ്ദയിലുള്ള പ്രവാസികൾക്കാണ് പുതിയ തിരിച്ചടി സാരമായി ബാധിക്കുന്നത് എന്നാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കെട്ടിടങ്ങൾ വ്യാപകമായി പൊളിച്ച് നീക്കുന്നതും അടപ്പിക്കുന്നതുമാണ് പുതുതായി ആയിരക്കണക്കിനു പ്രവാസികളെ പ്രയാസത്തിലാക്കുന്നത്.

നഗര സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായും അനധികൃത നിർമ്മാണങ്ങളുടെ പേരിലും താമസിക്കാനുള്ള അപാർട്ട്മെൻ്റിൽ കടകൾ അനുവദിച്ചതിൻ്റെ പേരിലും മറ്റും വിവിധ കാരണങ്ങൾ കൊണ്ടും നിരവധി കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതും കടകൾ അടപ്പിക്കുന്നതും സമീപ ദിനങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

നിരവധി മലയാളികൾക്ക് ജോലി നൽകിയിരുന്ന മലയാളികൾ നടത്തുന്ന പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പോലും പൊളിച്ച് മാറ്റലിലും അടച്ച് പൂട്ടലിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗൾഫ് മലയാളിയെ പ്രവാസി സുഹൃത്തുക്കൾ അറിയിക്കുന്നു.

ലക്ഷക്കണക്കിനു റിയാലുകൾ മുടക്കി സ്ഥാപിച്ച വ്യാപാര സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ അടച്ച് പൂട്ടേണ്ടി വരുന്നതും കെട്ടിടം ഒഴിവാക്കിക്കൊടുക്കേണ്ടി വരുന്നതും ഒരു ഇടിത്തീയായാണ് പ്രവാസികളെ ബാധിക്കുന്നത്.

പെട്ടെന്ന് മറ്റു നല്ല വ്യപാര കേന്ദ്രങ്ങൾ തേടിപ്പിടിക്കാനുള്ള പാടും ഇനി കണ്ടെത്തിയാൽ തന്നെയും ഡെക്കറേഷനും മറ്റും നേരത്തെ മുടക്കിയ പണം മുഴുവൻ തിരിച്ച് പിടിക്കാൻ സാധിക്കാതെ വരുന്നതും അവിടെയും എത്ര കാലം തുടരാൻ കഴിയുമെന്ന ഉറപ്പില്ലാത്തതുമെല്ലാം പ്രവാാസി സംരംഭകർക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്.

അതോടൊപ്പം ഈ സംരംഭങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി പ്രവാസികളും തൊഴിൽ രഹിതരുടെ പട്ടികയിലേക്ക് നീങ്ങുന്നുവെന്നത് ഏറെ ദു:ഖകരമായ വസ്തുതയാണ്.

തിരക്കുള്ള വാണിജ്യ കേന്ദ്രങ്ങളിൽ പുതിയ സംരംഭങ്ങൾ ഇടക്കിടെ പരീക്ഷിക്കാൻ ധൈര്യം കാണിച്ചിരുന്ന മലയാളികൾ ഇപ്പോൾ അത്തരം ശ്രമങ്ങൾ വരെ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ഓരോരോ പ്രതിസന്ധികളെ ഘട്ടം ഘട്ടമായി തരണം ചെയ്യുന്നതിനിടയിലും പുതിയ പ്രതിബന്ധങ്ങൾ മുന്നിൽ വരുമ്പോൾ അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ പകച്ച് പോകുകയാണ് പല പ്രവാസികളുമിപ്പോൾ.

Leave a Reply