Spread the love

നടൻ ദിലീപിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനായിരുന്നു ഷാഫി. കല്യാണരാമൻ ഉൾപ്പെടെ ദിലീപിനെ നായകനാക്കിയ ഷാഫിയുടെ ചിത്രങ്ങൾ തിയറ്റർ ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധവും വലുതായിരുന്നു. ഇടവേളയ്‌ക്ക് ശേഷം ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തിയ ദിലീപ് ഷാഫിയുമായി ചേർന്ന് അടുത്ത ചിത്രത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

താൻ നായകനായി അഭിനയിച്ച 3 സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫിയെന്ന് ദിലീപ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനമെന്ന് ദിലീപ് കുറിച്ചു. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല….. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വേർപാട്. പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ എന്ന് പറഞ്ഞാണ് ദിലീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, ദിലീപും മംമ്തയും ഒന്നിച്ച 2 കൺട്രീസ് എന്നിവയാണ് ഷാഫിയുടെ ദിലീപ് ചിത്രങ്ങൾ. തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഈ ചിത്രങ്ങൾ ജനപ്രിയ നായകനെന്ന ദിലീപിന്റെ മേൽവിലാസം ഊട്ടിയുറപ്പിച്ചവയാണ്.

ആന്തരീക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫി ഇന്നലെ അർദ്ധരാത്രിയോടെയാണ് അന്തരിച്ചത്. റഷീദ് എം.ച്ച്.എന്ന ഇടപ്പള്ളിക്കാരൻ ആണ് സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനായ ഷാഫി എന്ന പേരിൽ മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. പുലിവാൽ കല്യാണം, വൺമാൻഷോ, മായാവി, തൊമ്മനും മക്കളും, ചോക്കളേറ്റ്, ചട്ടമ്പിനാട് തുടങ്ങി മലയാളി എന്നും ഓർത്തിരിക്കുന്നതും ഊറിച്ചിരിക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് ഷാഫി ഒരുക്കിയത്.

Leave a Reply