പാലക്കാട് സിപിഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ബിജെപി അനുഭാവികളെന്ന് പൊലീസും സിപിഎമ്മുകാരാണെന്ന് പ്രതികളും ആവർത്തിച്ചു. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് പ്രതികൾ ബിജെപി അനുഭാവികളെന്ന് വ്യക്തമാക്കിയത്. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഞങ്ങൾ സിപിഎമ്മുകാരാണെന്ന് പ്രതികൾ ആവർത്തിച്ചു.കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണന്നും കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. പ്രതികളായ എട്ടു പേരും ബിജെപി അനുഭാവികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ശിവരാജനും അനീഷും നവീനും ഞങ്ങൾ സിപിഎമ്മുകാരാണെന്ന് ആവർത്തിച്ചു.മുഖ്യപ്രതി നവീൻ കയ്യിൽ ചെഗുവേരയുടെ പച്ചക്കുത്തിയതും കാണിച്ചു. ഇത് ഉയർത്തി കാണിച്ചാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റാണെന്ന് ആവർത്തിച്ചത്.