പാലക്കാട് കൊട്ടേക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ മരണകാരണം രക്തം വാര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും കൈയ്യിലും ആഴത്തില്‍ മുറിവേറ്റിരുന്നു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചത്.
ആക്രമണത്തിൽ ഷാജഹാന്റെ കയ്യിനും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിൽ കാലിനേറ്റ മുറിവ് ആഴത്തിലുള്ളതാണ്. മുറിവിൽ നിന്നു രക്തം വാർന്നാണ് ഷാജഹാൻ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ചെറുതും വലുതുമായി പന്ത്രണ്ട് മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ ആദ്യം കാലിലും പിന്നീട് കൈയ്യിലും വെട്ടിയെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. തിരിച്ച് ആക്രമിക്കുമെന്ന് ഭയന്ന് ഷാജഹാന്‍ രക്തം വാര്‍ന്ന് നിലത്ത് വീഴുന്നത് വരെ അക്രമികള്‍ വലയം തീര്‍ത്ത് നിന്നു. കൂടെയുണ്ടായിരുന്ന ഷാജഹാന്റെ സുഹൃത്തിനെ സംഘം ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയെന്നാണ് വിവരം.
ആക്രമിച്ചവര്‍ ഓടി മാറിയതിന് പിന്നാലെയാണ് ഓട്ടോറിക്ഷയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ഷാജഹാന്റെ മരണം സ്ഥിരീകരിച്ചു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ഷാജഹാനെ വെട്ടിയെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. എന്നാല്‍ കൊലയാളി സംഘത്തിലെ ചിലര്‍ ആക്രമണ സമയത്ത് ഷാജഹാന്റെ ചുറ്റിലുമായി ആയുധവുമായി മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ വരുന്നത് തടയുന്ന മട്ടില്‍ നിലയുറപ്പിച്ചിരുന്നതായും വിവരമുണ്ട്.