
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി. അനില്‍കാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയില്‍ കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേസില്‍ യു.എ.പി.എ. ചുമത്തുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അന്വേഷണം എന്‍.ഐ.എയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കും.
ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം തള്ളാനാവില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും എന്‍.ഐ.എ. നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന് നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എ. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്. കേരളത്തിനകത്തും പുറത്തും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ, കൊച്ചി, ബെംഗളൂരു മേഖലാ ഓഫീസുകളുടെ ചുമതലയുള്ള ദക്ഷിണമേഖലാ ഡി.ഐ.ജി. എസ്. കാളിരാജ് മഹേഷ് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്.
എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം അന്വേഷണം ഏറ്റെടുത്തേക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. ഇന്ന് ഡല്‍ഹിയില്‍ കാളീരാജ് മഹേഷ് എന്‍.ഐ.എ. ഡി.ജി. ദിന്‍കര്‍ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്‍.ഐ.എ. സംഘം കോഴിക്കോട് എത്തിയിരുന്നെങ്കിലും പ്രതിയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല തനിക്കാരുടേയും സഹായം കിട്ടിയിട്ടില്ലെന്നും ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നുമുള്ള മൊഴിയില്‍ പ്രതി ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഇതാണ് ഇപ്പോള്‍ പോലീസിനെ കുഴക്കുന്നത്.
ചില ആശയങ്ങളില്‍ പ്രചോദിതനായാണ് ആക്രമണത്തിന് മുതിര്‍ന്നതെന്നതരത്തില്‍, പിടിയിലായശേഷം മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് ഷാരൂഖ് മൊഴിനല്‍കിയിരുന്നു. ഈ മൊഴി എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്. കേരള പോലീസിന്റെ അന്വേഷണപുരോഗതിയും വിലയിരുത്തുന്നുണ്ട്. ആസൂത്രിത ആക്രമണമെന്ന നിഗമനത്തിലെത്തിയതിനാല്‍ സംസ്ഥാനത്തിനുപുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് കേരള പോലീസിന് പ്രയാസകരമാകും. വൈകാതെ എന്തെങ്കിലുംതരത്തിലുള്ള തുമ്പുണ്ടായില്ലെങ്കില്‍ അന്വേഷണം കൈമാറാനാണ് പോലീസ് ആലോചിക്കുന്നത്.