ടോവിനോ തോമസും ബേസിൽ ജോസഫും തുടങ്ങിവെച്ച കൈകൊടുക്കൽ ക്ലബ്ബിലേക്ക് ഒടുവിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. മരണമാസ് എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ പൂജാരി കൊണ്ടുവന്ന ആരതി തൊഴാൻ ടോവിനോ കൈനീട്ടിയപ്പോൾ പൂജാരി ശ്രദ്ധിക്കാതെ പോവുകയും തൊട്ടടുത്തുനിന്ന ബേസിൽ ഇത് കണ്ട് കളയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ക്ലബ്ബിന് തുടക്കമായത്. ഇതിന് പ്രതികാരം എന്നോണം കോഴിക്കോട് നടന്ന സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിന്റെ സമാപന ചടങ്ങിൽ മെഡൽ വിതരണത്തിനിടെ ഒരു താരത്തിന് നേരെ ബേസിൽ കൈനീട്ടിയതും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടൻ പൃഥ്വിരാജിന് കൈകൊടുത്ത സന്ദർഭം ടോവിനോ വളരെ നന്നായി ബേസിലിനെ ട്രോളാൻ ഉപയോഗിച്ചിരുന്നു.
പിന്നീട് കൈ കൊടുത്ത് ചമ്മി ക്ലബ്ബിലേക്ക് നടി രമ്യ നമ്പീശനും, മെഗാസ്റ്റാർ മമ്മൂക്കയും, നടൻ സുരാജ്മെല്ലാം എത്തിയിരുന്നു. ഈ ക്ലബ്ബിലേക്കാണ് ഏറ്റവും ഒടുവിലത്തെഎൻട്രി ആയിപ്പോൾ വിദ്യാഭ്യാസ മന്ത്രിയും എത്തിയിരിക്കുന്നത്. 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു രസകരമായ സംഭവം.
വേദിയിൽ സംസാരിച്ച ശേഷം തിരികെ സീറ്റിൽ വന്നിരുന്ന നടൻ ആസിഫ് അലിയ്ക്ക് കൈകൊടുക്കാൻ മന്ത്രി ശ്രമിച്ചു. എന്നാൽ ആദ്യ തവണ ഇത് ശ്രദ്ധിക്കാതെ ആസിഫ് അലിയും ഇരുന്നു. മന്ത്രിയും ആസിഫ് അലിയും ഇരിക്കുന്നതിന് മധ്യഭാഗത്തായി നടൻ ടൊവിനോ തോമസും ഇരിക്കുന്നുണ്ടായിരുന്നു. ടൊവിനോ ഇതു കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. ‘ഞാനും പെട്ടു’ എന്ന തലക്കെട്ടോടെ മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.