ഒരുകാലത്ത് തെന്നിന്ത്യയുടെ മാദകറാണി ആയിരുന്ന ഷക്കീലയുടെ ജീവിതം പറയുന്ന ‘ഷക്കീല’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി ചിത്രത്തില്‍ എത്തുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലൂടെ തന്നെ റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഈ വര്‍ഷം ക്രിസ്തുമസ് ചൂടുള്ളതാവും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
16-ാം വയസിലാണ് ഷക്കീല അഭിനയം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ഓളം ചിത്രങ്ങളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തില്‍ എത്തുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.