സിനിമകളിലും സോഷ്യൽ മീഡിയകളിലും സജീവമായ ഷമ്മി തിലകൻ ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഒരു പ്രസ്താവനയാണ് ഏറെ ചർച്ചയായിരിക്കുന്നത്. മലയാളത്തിന്റെ അനശ്വര നായകൻ ജയൻറെ 40-ാം ചരമവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിൻറെ ഓർമ്മ പുതുക്കി ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിൻറെ പുതിയ പരാമർശം. ജയൻറെ അവസാന ചിത്രമായ കോളിളക്കത്തിലെ അദ്ദേഹത്തിൻറെ അവസാന രംഗമായ ഹെലികോപ്റ്റർ അപകടത്തിൻറെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ഷമ്മി തിലകൻ പ്രിയ നടൻ്റെ ഓർമ്മ കുറിച്ചത്. യഥാർത്ഥ സൂപ്പർ സ്റ്റാറിന് പ്രണാമം എന്ന തലക്കെട്ടോടെ നടൻ പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിൽ നകിയ റിപ്ലേയാണ് ശ്രദ്ധ നേടുന്നത്.
‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്? അപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒക്കെയോ? എന്ന ഒരു ആരാധകൻറെ ചോദ്യത്തിന് ഷമ്മി തിലകൻ നൽകിയ മറുപടി അവർ സൂപ്പർ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു. ഇതോടെ ഈ കമൻ്റും റിപ്ലേയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആരാധകരാണ് നടൻ്റെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ രംഗത്തെത്തിയിരിക്കുന്നത്. ‘ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം നിങ്ങൾക്കിടയിൽ. പക്ഷെ സത്യത്തെ മൂടിവയ്ക്കാൻ ആകില്ല.. ലാലേട്ടൻ, മമ്മൂക്ക അവരൊക്കെ അനശ്വര നടൻ ജയനെക്കാൾ ഒരുപാട് ഉയരത്തിൽ തന്നെയാണ്’ എന്ന് വാദിച്ചു കൊണ്ട് എത്തിയ ദിലീപ് ജികെ എന്ന ആരാധകൻ്റെ കമൻ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.