താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശങ്ങൾക്കെതിരെ നടി പാർവതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും പക്ഷേ രാജിവെക്കേണ്ടത് അവരല്ലെന്നും നടൻ ഷമ്മി തിലകൻ. പാർവതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെൺകുട്ടി. അവർ പുറത്തുപോകേണ്ട കാര്യമില്ല. അവർ പറഞ്ഞതുപോലെ അയാൾ തന്നെയാണ് പുറത്തുപോകേണ്ടത്. പാർവതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവർക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകൻ പറയുന്നു.
പുറത്തുപോകേണ്ടത് ഇടവേള ബാബു ആണെന്നുള്ളതിൽ ഒരു സംശയവുമില്ല കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്.സംഘടനയ്ക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് ഇടവേള ബാബു ആ അഭിമുഖത്തിൽ പറയുന്നത് കണ്ടു. രേഖാ മൂലം കിട്ടിയ പരാതികൾക്കൊക്കെ അവർ എന്ത് നടപടിയാണ് എടുത്തത് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. സംഘടനാ പ്രസിഡന്റ് മോഹൻലാൽ എന്നെ ഏൽപിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ അമ്മ അസോസിയേഷന്റെ രേഖകളും കാര്യങ്ങളുമെല്ലാം നോക്കിയൊരു ഓഡിറ്റിങ് നടത്തി. ഒരു റിസർച്ച് പോലെ ഞാൻ നടത്തിയ ഓഡിറ്റിൽ നിന്നും എനിക്ക് കിട്ടിയ വിവരങ്ങൾ കാണിച്ച് മോഹൻലാലിന് ഞാനൊരു കത്ത് കൊടുത്തിട്ടുണ്ടെന്നും ഷമ്മി കൂട്ടിച്ചേർത്തു