Spread the love

.കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആസ്ഥാന കേന്ദ്രത്തിൽ മുഖ്യ കവാടത്തിലെ ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിൽ കൊടിതോരണങ്ങളും ബാനറുകളും വയ്ക്കുന്നതു നിരോധിച്ച വൈസ് ചാൻസലറുടെ ഉത്തരവ് നടപ്പായില്ല. പ്രതിമയ്ക്കു മുന്നിൽ ഇപ്പോഴും എസ്എഫ്ഐയുടെ കൊടികളുണ്ട്. പ്രതിമയെ മറയ്ക്കുന്ന തരത്തിൽ കെട്ടിയിരുന്ന കൊടികൾ അഴിച്ചു മാറ്റിയിട്ടുണ്ട്. എന്നാൽ ഉയരം കുറഞ്ഞ കൊടികൾ നീക്കം ചെയ്തിട്ടില്ല. കഴിഞ്ഞ 12നാണു കൊടി തോരണങ്ങളും ബാനറുകളും നിരോധിച്ചു വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ഉത്തരവിട്ടത്. ശ്രീശങ്കരന്റെ പ്രതിമയെ അവഹേളിക്കുന്ന തരത്തിൽ കൊടികളും ബാനറുകളും നിറഞ്ഞതിനെതിരെ പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് ഉചിത നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ വൈസ് ചാൻസലർക്കു നിർദേശം നൽകി. കൊടി തോരണങ്ങൾ‍ ഇവിടെ സ്ഥാപിക്കുന്നതു ക്രമസമാധാനപ്രശ്നം ആകുമെന്നു കാലടി പൊലീസ് ഇൻസ്പെക്ടർ വൈസ് ചാൻസലറെ അറിയിച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കിയാണു വൈസ് ചാൻസലർ ഉത്തരവിറക്കിയത്.

പ്രതിമയ്ക്കു മുന്നിലെ കൊടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ശ്രീശങ്കര ധർമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 4നു നടത്തിയ മാർച്ചിനിടെ സംഘർഷാവസ്ഥയുണ്ടായി. സർവകലാശാല കവാടത്തിനു മുന്നിൽ പ്രകടനം എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ പ്രതിമയ്ക്കു മുന്നിൽ കൊടികളുമായി നിന്നു പ്രതിരോധിച്ചു. തുടർന്ന് ഇരുകൂട്ടരും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് ഇടപെട്ടാണു സംഘർഷം ഒഴിവാക്കിയത്. ടൗൺ ജംക്‌ഷനിൽ നടന്ന ശ്രീശങ്കര ധർമ സംരക്ഷണ സമിതിയുടെ പൊതുയോഗം മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ശ്രീശങ്കരന്റെ പ്രതിമയെ കോടി തോരണങ്ങളാൽ മറയ്ക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ താക്കീത് നൽകി. പ്രതിമയ്ക്കു മുന്നിൽ സർവകലാശാലയിലെ സംഘടനകളാണു കൊടി തോരണങ്ങളും ബാനറുകളും നാട്ടുന്നത്. വിദ്യാർഥി സംഘടനകളാണ് ഇതിൽ ഭൂരിപക്ഷം. നിലവിൽ എസ്എഫ്ഐ കൊടികൾ മാത്രമാണുള്ളത്.

Leave a Reply