Spread the love

സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നത്തെ ദിവസം സജീവ ചര്‍ച്ച എമ്പുരാന്‍ ആണ്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച ദിവസം തന്നെ റെക്കോര്‍ഡ് നേട്ടവുമായാണ് ചിത്രം കുതിപ്പ് തുടങ്ങിയിരിക്കുന്നത്. വാര്‍ത്തകളില്‍ മുഴുവന്‍ എമ്പുരാന്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ അടുത്ത റിലീസിന്‍റെ പ്രധാന അപ്ഡേറ്റും പുറത്തെത്തിയിട്ടുണ്ട്. യുവ സംവിധായകരില്‍ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്‍റേതാണ് അത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.

16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. അതേസമയം ചിത്രത്തിന്‍റെ റിലീസിംഗ് തീയതി സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. മെയ് 1 ന് ചിത്രം എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തുടരും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്.

Leave a Reply