മലയാള സിനിമയിൽ പ്രതിഫലം വളരെ കുറവാണെന്നും അതിനാൽ ഇനി മലയാളത്തിൽ പാടില്ലെന്നും വിജയ് പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . എന്നാൽ അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് താൻ പറഞ്ഞതെന്നും മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി പിന്നീട് വിജയ് യേശുദാസ് എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് ഗായകന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്.
യേശുദാസ് എന്നൊരു ബ്രാൻഡ് ഇല്ലായിരുന്നെങ്കിൽ വിജയ് യേശുദാസിന് ഇപ്പോൾ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം താങ്കൾ മനസ്സിലാക്കണം. അച്ഛൻറെ മേൽവിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവു കൊണ്ടൊന്നുമല്ല.
അച്ഛൻറെ ഹരിമുരളീരവമോ, അച്ഛൻ പാടിയ ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷിൽ ലാപ്‌ടോപ്പിൽ അടിച്ചു വെച്ച്, ഇംഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസ്. മധു ബാലകൃഷ്ണൻ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരായൺ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടിടിക്കും.
ഉദയനാണ് എന്ന താരം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം പറയുന്നത് പോലെ അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്നത് മതിയാവുന്നില്ല പോലും. തമിഴ്‌നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയിൽ അദ്ദേഹം പാടുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം പോരാ എന്നാണ് അദ്ദേഹം പറയുന്നത്
അച്ഛൻറെ മേൽവിലാസത്തിൽ മാത്രം ഉയർന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങൾ യേശുദാസിന് പോലും കിട്ടിയിട്ടില്ല. ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തിൽ പാടരുത്. മലയാള സിനിമക്ക് ഒരു ദോഷവും വരാൻ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടം ശാന്തിവിള ദിനേശ് പറഞ്ഞു.