Spread the love
സുഹൃത്തിനോട് രഹസ്യം പങ്കിട്ടു; പോണേക്കര ഇരട്ടക്കൊലയിൽ റിപ്പർ ജയാനന്ദൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം പോണേക്കരയിൽ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ അറസ്റ്റിൽ സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ജയിലിൽക്കഴിയുന്ന ജയാനന്ദൻ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്.

2004ലാണ് എറണാകുളം പോളേക്കരയിൽ എഴുപത്തിനാല് കാരിയേയും സഹോദരീ പുത്രനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 44 പവൻ സ്വർണവും ഇവിടെനിന്ന് കവർന്നു. റിപ്പ‍ർ ജയാനന്ദൻ തന്നെയാണ് കുറ്റവാളിയെന്ന സംശയത്തിൽ മുമ്പും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളിലേക്കെത്താൻ പറ്റിയ തെളിവ് കിട്ടിയില്ല. മറ്റൊരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് താനാണ് കൃത്യം നടത്തിയതെന്ന് ജയാനന്ദൻ സഹതടവുകാരനോട് പറഞ്ഞത്. ജയിലധികൃതർ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തുടർന്ന് ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയാനന്ദനാണ് പ്രതിയെന്ന് ഉറപ്പിച്ചത്. തുടർന്ന് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.

റിപ്പർ ജയാനന്ദൻ പ്രതിയായ കേസുകളിലെ പൊതുസ്വഭാവമാണ് ഈ കേസിലും വഴിത്തിരിവായത്. തലയ്ക്കടിച്ചശേഷം വൃദ്ധയെ മരിക്കും മുമ്പ് മാനഭംഗപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ കൃത്യം നടത്തിയ ഇടത്ത് മഞ്ഞൾപൊടി വിതറുകയും മണ്ണെണ്ണ തൂവുകയും ചെയ്തിട്ടുണ്ട്. പോലീസ് നായ മണം പിടിച്ച് എത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കൃത്യം നടത്തുന്ന സ്‌ഥലത്ത് നിന്ന് തന്നെ കൊലപാതകത്തിനുള്ള ആയുധം കണ്ടെത്തുകയാണ് ജയാനന്ദന്റെ മറ്റൊരു രീതി. പോണേക്കരയിലും ഇത് തന്നെ ആവർത്തിച്ചു. സംഭവം നടന്ന രാത്രിയിൽ പ്രദേശ വാസിയായ ഒരാൾ ജയാനന്ദനെ അവിടെ വെച്ച് കണ്ടതായി തിരിച്ചറിഞ്ഞതും വഴിത്തിരിവായി. 6 കേസുകളിലായി 8 കൊലപാതകങ്ങൾ നടത്തിയ ജയാനന്ദന് പല കേസുകളിലും വിചാരണ കോടതികൾ വധശിക്ഷ വിധിച്ചിരുന്നു.

Leave a Reply