Spread the love

കെഎൽഎഫ് വേദിയിൽ വച്ച് എഴുത്തുകാരി കെആർ മീര നടത്തിയ പ്രസ്താവന വിവാ​ദമാകുന്നു. ഷാരോൺ കൊലക്കേസിലെ കുറ്റവാളി ​ഗ്രീഷ്മയെ പരോ​ക്ഷമായി ന്യായീകരിക്കുന്ന പ്രസ്താവന നടത്തിയതാണ് വിവാദമായത്.

“ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും..” എന്നായിരുന്നു മീരയുടെ പരാമർശം. ഒരു സ്ത്രീക്ക് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരാൻ സ്വാതന്ത്ര്യമില്ലാതായാൽ അവൾ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത്, എല്ലാം തികഞ്ഞ കാമുകന്റെ കടമയും കർത്തവ്യവുമാണെന്നും മീര പറഞ്ഞു. പ്രണയത്തിന്റെ ഋതുഭേദങ്ങൾ എന്ന ചർച്ചയിൽ പ്രണയത്തെക്കുറിച്ചും കാമുകന്മാരെക്കുറിച്ചും സംസാരിക്കുന്നതിനിടെയായിരുന്നു മീരയുടെ വാക്കുകൾ.

കെആർ മീര പറഞ്ഞതിങ്ങനെ..
“നിങ്ങൾ ലോകം അറിയേണ്ട, നിങ്ങൾ മനുഷ്യരെ മനസിലാക്കേണ്ട, നിങ്ങൾ തനിച്ചായിപ്പോയാൽ നടുക്കടലിൽ കിടന്ന് മാനസികമായി സതി അനുഷ്ഠിച്ചോളൂവെന്ന് പറയുന്ന സമൂഹമാണ് നമ്മുടേത്. ഈ കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ളതും അതാണ്. നിങ്ങൾ ഒരു കാരണവശാലും സതി അനുഷ്ഠിക്കരുത്. ചില സമയത്ത് ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും…….. ഞാൻ പറഞ്ഞുവരുന്നത്.. ഒരു സ്ത്രീക്ക്, ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതായാൽ ചിലപ്പോൾ അവൾ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് എല്ലാം തികഞ്ഞ കാമുകന്റെ കടമയും കർത്തവ്യവുമാണ്. ആ കർത്തവ്യം ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം. – കെആർ മീര പറഞ്ഞു.

പുരോ​ഗമനപരമായ കാഴ്ചപ്പാടുകളും സ്ത്രീപക്ഷ വാദവും തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെയും ശക്തമായി സംവദിക്കാറുള്ള കെ.ആർ മീര പറഞ്ഞത് കടുത്ത പുരുഷവിരുദ്ധതയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. സ്ത്രീ-പുരുഷ തുല്യത ചർച്ചയാകുന്ന ഇക്കാലത്ത് അത് മറന്നുകൊണ്ടാണ് മീര സംസാരിച്ചതെന്നും വിമർശനമുണ്ട്. ​ഗാന്ധിവധവുമായി ബന്ധപ്പെട്ട് മീര നടത്തിയ പ്രസ്താവന കോൺ​ഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ അമർഷമുണ്ടാക്കുകയും എഴുത്തുകാരൻ ബെന്യാമിനും മീരയും തമ്മിൽ സോഷ്യൽമീഡയ വാക്പോരിനിടയാക്കുകയും ചെയ്തതിന് പിന്നാലെയാണ് മീരയുടെ പേരിൽ പുതിയ വിവാദം.

Leave a Reply