Spread the love
ഷവർമ കച്ചവടത്തിൽ ഇടിവ് ; ആവശ്യക്കാർ കുറഞ്ഞു.

കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവത്തെത്തുടർന്ന് പാലക്കാട് ജില്ലയിൽ ഷവർമവില്പന കുത്തനെ കുറഞ്ഞു.
ഭക്ഷ്യവിഷബാധയുടെ ഭീതിയിൽ ആവശ്യക്കാർ കുറഞ്ഞതോടെയാണ് വൈകുന്നേരങ്ങളിൽ സജീവമായിരുന്ന ഷവർമക്കച്ചവടം ഭൂരിഭാഗവും നിലച്ചുപോയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനയും കാരണം തത്കാലത്തേക്ക്‌ ഷവർമ വില്പന നിർത്തിയിരിക്കുകയാണ് വ്യാപാരികൾ.

നിലവിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻപോലും ഷവർമ കിട്ടാനില്ല. കഴിഞ്ഞ മൂന്നുദിവസമായി പരിശോധനയ്ക്കെത്തിയപ്പോൾ 95 ശതമാനം കടകളിലും ഷവർമ ലഭിച്ചില്ലെന്നും ഷവർമ ലഭിക്കുമെന്ന് എഴുതിവെച്ച കടകളിൽപ്പോലും വില്പന നിർത്തിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചവരെ ജില്ലയിൽ മൂന്ന് സ്ക്വാഡുകളായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ 351 കടകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 50 സ്ഥാപനങ്ങൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. 21 സ്ഥാപനങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയതിന് അടപ്പിച്ചു.

Leave a Reply