Spread the love

ഇരുവിസ്മയങ്ങളുണ്ട് ലോകത്ത് ‘സംഗീതവും നൃത്തവും’. സംഗീതം മനസ്സിനെ സ്പർശിക്കുന്നു, പക്ഷേ നൃത്തം അതിന് ജീവൻ നൽകുന്നു. ഓരോ ചുവടും ഒരു പ്രാർത്ഥന പോലെ, ഓരോ താളവും ഒരു ആത്മീയ സ്പന്ദനമായി. അത്ര ശക്തമാണ് നൃത്തത്തിന്റെ ശക്തി .അത് ഒരാളുടെ ആത്മാവിനെ പോലും ഉണർത്താൻ കഴിയും. അത്തരത്തിൽ ചൈനയിൽ നിന്നുള്ള ഒരമ്മയുടെയും മകളുടെയും വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നൃത്തം കൊണ്ട് മകളെ തിരിച്ചെടുത്ത അമ്മയുടെ അത്ഭുതകഥ

ചൈനയുടെ മധ്യഭാഗത്ത് നിന്നുള്ള യാങ് ഫാങ് എന്ന പെൺകുട്ടി, പത്ത് വർഷം നീണ്ട കോമാവസ്ഥയിൽ കഴിഞ്ഞശേഷം അമ്മയുടെ അനന്തമായ സ്നേഹത്താലും നൃത്തത്തിന്റെ ശക്തിയാലും വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് ആ അത്ഭുതകഥ. യാങ് ഫാങ് അതീവ ഗുരുതരാവസ്ഥയിൽ കോമയിലായപ്പോൾ പോലും പ്രതീക്ഷ കൈവിടാതെ അവളുടെ അമ്മയായ സിയാവോ ഷുവെഫെയ് (59), മുന്നോട്ടു പോവുകയായിരുന്നു. ഡോക്ടർമാർ “യാങ് ഫാങ് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെ കുറവാണ്” എന്ന് പറഞ്ഞിട്ടും, അവർ ചികിത്സ അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. തന്റെ മകളെ ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് കൊണ്ടുപോയ ആ അമ്മ ആത്മവിശ്വാസത്തോടെ മകളെ പുതുജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പരിശീലനം ആരംഭിക്കുകയായിരുന്നു.

ഡോക്ടർമാർ പറഞ്ഞത് പോലെ, സംഗീതവും നൃത്തവും യാത്രകളും നാഡീപ്രവർത്തനത്തെ ഉണർത്താൻ സഹായിക്കും എന്ന് അറിഞ്ഞ ആ അമ്മ , മകളെ ഓരോ പ്രഭാതത്തിലും സമീപത്തെ പാർക്കിലേക്ക് കൊണ്ടുപോവുകയും അവിടെ, മകളുടെ കൈ പിടിച്ച് നൃത്തം ചെയ്യുകയും ചെയ്യുമായിരുന്നു. പതിയെ ഈ ശീലം അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു.

ചൈനയിൽ മധ്യവയസ്കയായ സ്ത്രീകൾ പാർക്കുകളിൽ ഒരുമിച്ചു ചേർന്ന് നടത്തുന്ന നൃത്തങ്ങൾ ഏറെ പ്രശസ്തമാണ്. ഇവരെ “സ്ക്വയർ ഡാൻസ് ആന്റീസ്സ്” എന്ന് വിളിക്കാറുണ്ട്. പാട്ടൊക്കെ വച്ച് ഒരേപോലുള്ള വസ്ത്രങ്ങൾ ധരിച്ചു സന്തോഷത്തോടെ നൃത്തം ചെയ്യുന്ന രീതിയാണിത്. സിയാവോയും മകളും നിത്യവും ഇത്തരം കൂട്ടത്തിന്റെ ഭാഗമാവുകയായിരുന്നു. ഇത് ജീവിതത്തിന്റെ ഭാഗമായി തുടരവേ രണ്ടാം വർഷത്തിൽ, യാങ് ആദ്യമായി സംസാരിക്കുകയായിരുന്നു. “നന്ദി അമ്മ” എന്നായിരുന്നു പ്രതീക്ഷ നഷ്ടപ്പെടാതെ മകളെ ചേർത്തുപിടിച്ച ആ സ്നേഹനിധിയായ അമ്മയോട് അവൾ പറഞ്ഞത്. ആ വാക്കും അവളുടെ മാറ്റവും അക്ഷരാർത്ഥത്തിൽ ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി.

പിന്നീട് അമ്മയുടെ നിരന്തര നൃത്തചുവടുകൾക്ക് ഒപ്പം, മകളും ജീവിതചുവടുകളും വീണ്ടെടുക്കുകയായിരുന്നു.. കാലക്രമേണ, യാങ് വീണ്ടും നിൽക്കാനും ചെറിയ ചുവടുകൾ എടുക്കാനും തുടങ്ങി. ഇന്ന് അവൾക്ക് ചെറിയ വാക്യങ്ങൾ സംസാരിക്കാനും സ്വയം ശ്രദ്ധിക്കാനും കഴിയുന്ന അവസ്ഥയിലാണ് . അതേസയമം ‘അമ്മ സിയാവോ ഇപ്പോൾ 150 അംഗങ്ങളുള്ള ഒരു സ്ക്വയർ ഡാൻസ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അവരും മകളും ഇന്നും ഓരോ ദിവസവും നൃത്തം ചെയ്യുന്നു, അതാണ് ഇന്നവരുടെ പ്രതീക്ഷകളും ജീവിതത്തിന്റെ താളവും .

അതേസമയം സോഷ്യൽ മീഡിയയിലൂടെ ആയിരക്കണക്കിന് പേർ ഈ അമ്മയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. “എന്റെ മകൾ സന്തോഷത്തോടെ ഇരിക്കുകയാണെങ്കിൽ, എല്ലാ കഷ്ടപ്പാടുകളും വിലപ്പെട്ടതാണ്,” എന്ന് ഇത്തരം പ്രശംസകളിൽ പ്രതികരിച്ച് അവരും പറയുന്നു.

Leave a Reply