ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ ചൊവ്വാഴ്ച ഹൈദരാബാദിലെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. അയൽക്കാരും പൊലീസും ചേര്‍ന്ന് ഉടൻ തന്നെ അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. വെന്‍റിലേറ്ററിലായിരുന്ന കല്‍പനയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ കാര്യമായ പുരോഗതിയുണ്ട്.
അതേ സമയം കല്‍പന ആത്മഹത്യ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ കല്‍പനയുടെ മകൾ ദയ പ്രസാദ് ഈ പ്രസ്താവനകൾ നിരാകരിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തി. കൽപ്പന ഉറക്കഗുളികകള്‍ അമിതമായി അറിയാതെ കഴിച്ചതാണ് ഇത്തരം ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് മകള്‍ പറഞ്ഞത്.
ഇപ്പോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ കൽപ്പനയും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. “രാത്രിയിൽ ഉറക്കം വരാതെ, ഞാൻ എട്ട് ഉറക്ക ഗുളിക എടുത്തു. അത് പ്രയോജനപ്പെടാതെ വന്നപ്പോൾ, ഒരു പത്തെണ്ണം കൂടി കഴിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്ക് ഓർമയില്ല.” എന്നാണ് കല്‍പന പറയുന്നത്. ഈ സംഭവത്തിന് മുൻപ്, അവർ ഭർത്താവ് പ്രസാദിനെ ഫോൺ ചെയ്തെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. പിന്നീട് അയൽക്കാരെ ഫോൺ ചെയ്തു.
മകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ കല്‍പനയ്ക്ക് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാർച്ച് 4-ന് എറണാകുളത്ത് നിന്ന് തിരിച്ചെത്തിയ കൽപ്പന രാത്രിയിൽ ഉറക്കമില്ലാതെ പ്രയാസപ്പെട്ടതോടെ അമിതമായി ഉറക്കഗുളിക കഴിച്ചത് എന്നാണ് വിവരം. അതേ സമയം മാധ്യമങ്ങളോട് “ദയവായി ഇത് തെറ്റായ വ്യാഖ്യാനങ്ങള്‍ വേണ്ട. ഞങ്ങളുടെ കുടുംബം സുഖമാണ്, അമ്മ ചില ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തും.” എന്ന് പറഞ്ഞു.