ഒരുകാലത്ത് മലയാളി പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള ജോഡിയായിരുന്നു പൃഥ്വിരാജ് സുകുമാരനും സംവൃത സുനിലും. ഇരുവരും ഒന്നിച്ചെത്തിയ പടങ്ങളെല്ലാം പ്രേക്ഷകർക്കിടയിലും തിയേറ്ററിലും ഒരുപോലെ ഹിറ്റ് അടിച്ചപ്പോൾ ഈ ജോഡി യഥാർത്ഥ ജീവിതത്തിലും ഒരുമിക്കണമെന്ന് ആഗ്രഹിക്കാത്ത സിനിമ പ്രേമികൾ കുറവായിരുന്നു. മാത്രമല്ല ഒരുകാലത്ത് പൃഥ്വിരാജിന്റെ പേരുമായി ചേർത്ത് നവ്യാനായർ, കാവ്യാമാധവൻ എന്നിവരുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഇക്കൂട്ടത്തിൽ ഒന്നായിരുന്നു സംവൃതയുടെയും.
ഇരുവരുടെയും സിനിമയിലെ നല്ല കെമിസ്ട്രി ജീവിതത്തിലെ പ്രണയത്തിന്റെ പ്രതിഫലനമാണെന്നും ഇരുവരും വൈകാതെ വിവാഹം കഴിക്കുമെന്നും അക്കാലത്ത് മാധ്യമങ്ങളിലെ ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഒടുവിൽ മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ താരം സ്വന്തമാക്കിയപ്പോൾ വിവാഹ പന്തലിൽ ഏറ്റവും അടുത്ത സുഹൃത്തായിട്ടും സംവൃതയുടെ അഭാവം ചൂണ്ടിക്കാട്ടിയും മലയാളികൾ വാർത്തകൾ അടിച്ചിറക്കിയിരുന്നു. ഇപ്പോഴിതാ മകന്റെ പ്രണയത്തെക്കുറിച്ചും ഒരുകാലത്ത് താരം നേരിടേണ്ടി വന്ന ഗോസിപ്പ് വാർത്തകളെക്കുറിച്ചും തുറന്നു പറയുകയാണ് അമ്മ മല്ലിക സുകുമാരൻ.
‘‘മലയാളികള്‍ക്ക് ഒരു ധാരണയുണ്ട്. അഞ്ച് പടത്തില്‍ ഒരു നായിക ഒരുമിച്ച് അഭിനയിച്ചാല്‍ ആ നായികയെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവര്‍ക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകള്‍ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ല…
അടുത്ത പടത്തില്‍ വേറൊരു നായിക വന്നപ്പോള്‍ അത് പോയി. അതുപോലെ വന്നതാണ് സംവൃത സുനിലും. അവര്‍ രണ്ട് പേരും അഭിനയിച്ച മാണിക്യകല്ല് എന്ന സിനിമയുണ്ട്. മോഹന്‍ സംവിധാനം ചെയ്ത ‘മാണിക്യക്കല്ല്’. എന്തൊരു സിനിമയാണത്. ഒന്നാമത് സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ ഭയങ്കര ഇഷ്ടമാണ്. കാരണം വളരെ മനോഹരമായിട്ട് ആ കഥാപാത്രം ചെയ്തു.
വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാക്കാര്യത്തിലും മിടുക്കിയാണ്. സംസാരവും നല്ല സംസാരമാണ്. നല്ല അഭിനേത്രിയുമാണ്. ഞാനെപ്പോഴും മോനോട് പറയും, നല്ല ഒരു ആര്‍ട്ടിസ്റ്റാണ് സംവൃതയെന്ന്. പ്രത്യേകിച്ച് ആ സിനിമയും കൂടി കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ അയാളും ഞാനും തമ്മില്‍ സിനിമ. ആ പടത്തിലും കണ്ടപ്പോള്‍ തോന്നി, പൃഥ്വിയും സംവൃതയും തമ്മിലുള്ള കെമിസ്ട്രി വളരെ നല്ലതാണെന്ന്…അത് പറയുന്നതില്‍ എന്താണ് തെറ്റ്. എല്ലാം കഴിഞ്ഞ് വളരെ ശക്തമായി കേട്ടു ഇപ്പോള്‍ മീര ജാസ്മിനെ കെട്ടുമെന്ന്. ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കുന്നത് തെറ്റാണ്…’’ മല്ലിക സുകുമാരന്‍ പറയുന്നു.