Spread the love

സംഘപരിവാർ ആക്രമണത്തിനെതിരെ പ്രതികരണവുമായി റാപ്പർ വേടൻ. വേടൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവനയെന്ന് വേടൻ പറഞ്ഞു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത്. റാപ്പ്‌ ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. സംഘപരിവാറും- ജനാധിപത്യവും തമ്മിൽ പുലബന്ധമില്ലെന്നും വേടൻ കൊച്ചിയിൽ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ

തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളത്. തൻ്റെ കയ്യിൽ നിന്ന് പിടിച്ച ‘പുലിപ്പല്ല്’എവിടെ എന്നറിയില്ലെന്നും വേടൻ പറഞ്ഞു. നേരത്തെ, റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തിരുന്നു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്

കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും പറഞ്ഞിരുന്നു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസ്.

Leave a Reply