Spread the love

വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഒരു മലയാളം നടിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത പ്രേക്ഷകർ താരത്തിന് നൽകിയിരുന്നു. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. 2004ൽ സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരണപെടുകയായിരുന്നു.

നടി സഞ്ചരിച്ച അ​ഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ജക്കൂരിലെ കാർഷിക സർവകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളിൽ തകർന്നുവീഴുകയായിരുന്നു. മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം എന്നിവരാണ് മരിച്ച മറ്റുള്ളവർ. വിമാനത്തിലുണ്ടായിരുന്ന നാലുപേരുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു അന്ന് കണ്ടെടുത്തത്. സംഭവം നടന്ന് 21 വർഷങ്ങൾ പിന്നിടുമ്പോൾ നടിയുടെ മരണത്തെ ചുറ്റിപ്പറ്റി പുതിയ ആരോപണങ്ങളും വിവരങ്ങളും ഉയരുകയാണ്.

തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണങ്ങൾ. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും മറ്റും ചൂണ്ടിക്കാട്ടി ചിട്ടിമല്ലു എന്നയാളാണ് നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഷംഷാബാദിലെ ജാൽപള്ളി എന്ന ​ഗ്രാമത്തിൽ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇത് മോഹൻ ബാബുവിന് വിൽക്കാൻ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി എഴുതിവാങ്ങിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു.

അതേസമയം ഈ നിയമപോരാട്ടം മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply