ഓക്‌സിജന്റെ സഹായമില്ലാതെ കൊടുമുടി കീഴടക്കിയ ആദ്യ അറബ് വനിത എന്ന ബഹുമതി ഇനി ഷെയ്ഖ അസ്മയ്ക്കു സ്വന്തം.
ദോഹ : നേപ്പാളിലെ മനാസ്‌ലു കൊടുമുടിയില്‍ ഖത്തറിന്റെ പതാക നാട്ടി ഖത്തരി സാഹസിക വനിത ഷെയ്ഖ അസ്മ അല്‍താനി. കൊടുമുടി കീഴടക്കിയത് ഓക്‌സിജന്റെ സഹായമില്ലാതെ. സമുദ്രനിരപ്പില്‍ നിന്ന് 8,163 ഉയരത്തിലുള്ള മനാസ്‌ലു കൊടുമുടിയുടെ മുകളില്‍ ഖത്തര്‍ പതാക ഉയര്‍ത്തിയ സ്വദേശി വനിത, ഓക്‌സിജന്റെ സഹായമില്ലാതെ കൊടുമുടി കീഴടക്കിയ ആദ്യ അറബ് വനിത എന്നീ ബഹുമതികള്‍ ഇനി ഷെയ്ഖ അസ്മയ്ക്കു സ്വന്തമാണ്.
ഹെലികോപ്റ്റര്‍ സേവനം തേടാതെയാണ് ഹയര്‍ ക്യാംപിലേയ്ക്കും യാത്ര ചെയ്തത്. വെല്ലുവിളികള്‍ നിറഞ്ഞ യാത്രാ ലക്ഷ്യം കൈവരിക്കാന്‍ പിന്തുണ നല്‍കിയവര്‍ക്കുള്ള നന്ദി കുറിച്ചാണ് ചിത്രങ്ങള്‍ സഹിതം ഷെയ്ഖ അസ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.
കൊലയാളി പര്‍വതമെന്നറിയപ്പെടുന്നതും കീഴടക്കാന്‍ പ്രയാസമേറിയതുമായ മനാസ്‌ലു കൊടുമുടി നേപ്പാളിന്റെ പടിഞ്ഞാറന്‍ മധ്യമേഖലയിലെ നേപ്പാളീസ് ഹിമാലയത്തിലെ മന്‍സീരി ഹിമാലിലാണ് സ്ഥിതി ചെയ്യുന്നത്. ഷെയ്ഖ അസ്മ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യൂറോപ്പിലെ എല്‍ബ്രസ് കൊടുമുടി കീഴടക്കിയത്.
2018 ല്‍ യൂറോപ്പിലെയും മധ്യപൂര്‍വദേശത്തെയും വനിതകളടങ്ങുന്ന രാജ്യാന്തര സംഘത്തിനൊപ്പം ഉത്തരധ്രുവത്തിലേയ്ക്ക് യാത്ര ചെയ്ത ആദ്യ ഖത്തരി വനിതയെന്ന നേട്ടം കൈവരിച്ചിരുന്നു. 2014 ല്‍ കിളിമഞ്ചാരോ കീഴടക്കി. 2019 ല്‍ അക്കോണ്‍കാഗ്വ ഉച്ചകോടിയിലെത്തിയ പ്രഥമ ഖത്തരി വനിതയും ഷെയ്ഖ അസ്മയാണ്. മധ്യപൂര്‍വദേശത്തെ സ്ത്രീശാക്തീകരണത്തിന്റെ പ്രധാന വക്താവ് കൂടിയാണ് ഷെയ്ഖ അസ്മ അല്‍താനി.