Spread the love

സ്ത്രീശാക്തീകരണം ഉറക്കെ പറഞ്ഞ് ഷെർണി; ചർച്ചയായി വിദ്യാബാലന്‍റെ കഥാപാത്രം

ആമസോൺ പ്രൈമിൽ വിദ്യാബാലൻ നായികയായ ‘ഷെർണി’ പ്രദർശനം തുടരുകയാണ്.
നിരവധി പേരാണ് ചിത്രത്തെയും വിദ്യയുടെ അഭിനയത്തെയും അഭിനന്ദിച്ചത്.
ഒരു പെൺകടുവ നാട്ടിൽ ഇറങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലെ
പ്രമേയം. ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥയായാണ് വിദ്യാബാലൻ എത്തുന്നത്.

മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമെല്ലാം
ചിത്രം പറഞ്ഞുവയ്ക്കുന്നു. അതിലുപരി സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള
സമൂഹത്തിന്‍റെ കാഴ്ചപ്പാടുകൾക്കെതിരെ ശക്തമായ നിലപാട് എടുക്കുകയാണ്
വിദ്യയുടെ കഥാപാത്രം. മികച്ച സ്ത്രീപക്ഷ സിനിമ കൂടിയാണ് ഷെർണി എന്ന്
നിരൂപകർ വിലയിരുത്തുന്നു.

പെൺകടുവ പരിഭ്രാന്തി സൃഷ്ടിക്കുമ്പോൾ , ഒരു സ്ത്രീ ഓഫീസറായ വിദ്യക്ക് അത് കൈകാര്യം ചെയ്യാൻ
സാധിക്കില്ലെന്ന് സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതാവ് കുറ്റപ്പെടുത്തുന്നു. അതിനോട് പ്രതികരിക്കാതെ
തന്റെ ജോലി ഭംഗിയായി നിർവഹിക്കുകയും പ്രശംസ നേടുകയും ചെയ്യുകയാണ് കഥാപാത്രം.
സഹപ്രവർത്തകർ ചേർന്നുള്ള പാർട്ടിയിൽ സ്ത്രീയായത് കൊണ്ട് ജ്യൂസ് നൽകുമ്പോൾ മദ്യം ചോദിച്ചു വാങ്ങുകയാണ്
വിദ്യ.

ജോലി ചെയ്യുന്ന സ്ത്രീകൾ കുടുംബ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ കൂടി ചിത്രം തുറന്നു കാണിക്കുന്നു.
പാർട്ടിക്ക് പോകുമ്പോൾ ആഡംബര വസ്ത്രം ധരിക്കാത്തതിന് ഭർത്താവിന്‍റെ അമ്മ വിദ്യയെ കുറ്റപ്പെടുത്തുന്നു.
ഭർത്താവ് സാധാരണ വസ്ത്രം ധരിച്ചിരിക്കുമ്പോഴാണ് ഇത്. കുടുംബത്തിൽ തന്നെയുള്ള വിവേചനം തുറന്നു
കാണിക്കുകയാണ് ഈ സീനിലൂടെ. എല്ലാ സ്ത്രീകളെയും പോലെ അമ്മയാവാത്തതെന്തെന്ന ചോദ്യവും
സ്ഥിരമായി അവർ നേരിടുന്നുണ്ട്. വെല്ലുവിളി നേരിടുന്ന ജോലി താൻ ആസ്വദിക്കുകയാണെന്നും.
വായിക്കാനും യാത്ര ചെയ്യാനുമൊക്കെയാണ് തനിക്ക് താത്പര്യമെന്നും അവർ തുറന്നു പറയുന്നു. സ്വയം
തീരുമാനങ്ങളെടുക്കാൻ ഓരോ സ്ത്രീയെയും പ്രചോദിപ്പിക്കും വിദ്യയുടെ വാക്കുകൾ.

മികച്ച പരിശീലനം നേടിയ ഉദ്യോഗസ്ഥയായിട്ടും വിദ്യ രാത്രി കാട്ടിൽ പോകുന്നതിനെ ഭർത്താവും അമ്മയും
എതിർക്കുകയാണ്. അവൾ സുരക്ഷിതയായിരിക്കില്ലെന്ന് അവർ വാദിക്കുന്നു. എന്നാൽ രാത്രി പുറത്തിറങ്ങാൻ
പേടിക്കുന്ന പെണ്ണല്ല താനെന്നും തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് രാത്രിയെന്നത് തടസ്സമല്ലെന്നും
പറഞ്ഞ് ഇറങ്ങിത്തിരിക്കുകയാണ് അവർ. മികച്ച ഫെമിനിസ്റ്റ് സിനിമയെന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിൽ
ഷെർണി ചർച്ചയാവുകയാണ്. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രചോദനമാണ് ഷെർണിയെന്ന് പലരും കുറിച്ചു.

Leave a Reply