Spread the love
കാസര്‍കോട് ചെറുവത്തൂരില്‍ പരിശോധനയ്ക്കയച്ച 30ല്‍ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച 30 കുടിവെള്ള സാമ്പിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ലയും 12 എണ്ണത്തില്‍ ഇ കോളിയും മൂന്നെണ്ണത്തില്‍ ഷിഗെല്ല, കോളിഫോം, ഇ കോളി എന്നിവയുടെ സംയുക്ത സാന്നിധ്യവുമാണ് കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. സ്കൂളുകള്‍, അങ്കണവാടികള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, ഗവണ്‍മെന്‍റ് ഓഫീസുകള്‍ എന്നിവയിലെ കുടിവെള്ള സാമ്പിളുകള്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് കിണറുകള്‍ അടക്കമുള്ളവയില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.

Leave a Reply