Spread the love

ഷിജു അബ്ദുൽ റഷീദിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. സീരിയൽ രംഗത്തും സിനിമകളിലും തൻ്റേതായ വ്യക്തമുദ്ര പതിപ്പിച്ച എന്നാല് കഴിവിനൊത്ത് അവസരങ്ങൾ ലഭിക്കാതെ പോയ നടനാണ് ഷിജു. ഇപ്പൊൾ ഷിജുവിനെ കുറിച്ച് വന്ന ഒരു കുറിപ്പാണ് വൈറൽ ആവുന്നത്.
തൊഴുതുപറമ്പിൽ രതീഷ് ത്രിവിസ് എഴുതിയ കുറിപ്പ് വായിക്കാം

“കാബൂളിവാല”യിൽ നായകൻ !!!
കാബൂളിവാലയിൽ നീയാടാ നായകൻ !!!
ആ യുവാവിന് ചുറ്റുമുള്ള കൂട്ടുകാരും
സിദ്ദിഖ് -ലാൽ മാരോട് അടുത്ത് നിൽക്കുന്ന സിനിമാവൃത്തങ്ങളും പറയുന്നത് കേട്ടപ്പോൾ അയാൾ ശരിക്കും ത്രില്ലടിച്ചു !!!

സിദ്ധിഖ് -ലാൽ കത്തി നിൽക്കുന്ന സമയമാണ് ,,,ആ സമയത്ത് അങ്ങനെയൊരു നായകൻ എൻട്രി കിട്ടാന്ന് പറഞ്ഞാൽ ചില്ലറ സന്തോഷമല്ലല്ലോ !!!

ആ യുവാവ് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു !!!നായകനായി വരുന്ന ആ പടത്തെ പറ്റി ,,
പക്ഷെ !!!! ആ യുവാവിന്റെ സ്വപ്നങ്ങൾക്കെല്ലാം ഈയാംപാറ്റയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ !!!

ചുറ്റുവട്ടാരത്തെ സ്ഥിരമായി കാണുന്ന സിനിമാചങ്കുകൾ പറഞ്ഞതൊക്ക വെറുംവാക്കായി !!!ആ യുവാവ് മോഹിച്ചയിടത്തേക്ക് വിനീത് വന്നു !!!

കയ്യിൽ കിട്ടി എന്നാഗ്രഹിച്ച സ്വപ്‌നങ്ങൾ കണ്മുന്നിൽ ചുണ്ടിനും കപ്പിനുമിടയിൽ വീണുടഞ്ഞപ്പോൾ സാധാരണ ഏതൊരു മനുഷ്യനും ഉണ്ടാവുന്ന സങ്കടം ആ യുവാവിനും വന്നു ……

സങ്കടം മാറി എങ്ങനെയെങ്കിലും സിനിമയിൽ എത്തണം എന്ന വാശിയായി !!!അക്കാലത്ത് സിനിമാമോഹങ്ങളുമായി നടക്കുന്ന ഒരു ശരാശരി സിനിമാപ്രേമി എങ്ങോട്ടാണോ വണ്ടി കയറുന്നത് അങ്ങോട്ടേക്ക് ആ യുവാവും വച്ച് പിടിച്ചു ….

അഭിനയിക്കണമെന്ന അതിയായ മോഹമല്ലാതെ കലാപരമായുള്ള വലിയ കഴിവുകളോ ,,,ചെറിയ നാടകങ്ങളിൽ പോലും അഭിനയിച്ചുള്ള പരിചയമോ എടുത്ത് പറയാൻ ഇല്ലാതെ അയാൾ ചെന്നൈയിൽ കാല് കുത്തി …..

ഞാൻ 6.2 അടി ഉയരമുണ്ട് ,, സിനിമയിൽ നായകനാകാനുള്ള തരക്കേടില്ലാത്ത ഒരു ലുക്കുമുണ്ട് !!!

അയാൾക്ക്‌ ആത്മവിശ്വാസമുണ്ടായിരുന്ന ആകെ രണ്ടു കാര്യങ്ങൾ അതായിരുന്നു !!!ആ വിശ്വാസത്തിൽ തന്നെ അന്വേഷണം ആരംഭിച്ചു !!!അന്നത്തെ കാലത്ത് സിനിമയിൽ ചാൻസ് കിട്ടാൻ ഒരു സാധാരണക്കാരന് അനുഭവിക്കേണ്ടി വന്ന യാതനകളൊക്കെ മൂപ്പരുടെ ജീവിതത്തിലും വ്യത്യ്സ്തമായിരുന്നില്ല ,,,

ഇരുട്ട് പടർത്തിയ അലച്ചിലുകൾക്കൊടുവിൽ പ്രതീക്ഷയുടെ വെട്ടം അയാൾക്ക് മുന്നിലും തെളിഞ്ഞു !!!

ഐ വി ശശി സംവിധാനം ചെയ്യുന്ന” ദി സിറ്റി “എന്ന പടത്തിൽ ഒരു വേഷം അയാൾക്കും ലഭിക്കുന്നു !!!വീണ്ടും പ്രതീക്ഷയുടെ ചിറകിലേറി അയാൾ കാത്തിരുന്നു തന്റെ നേരെ ക്യാമറ തിരിയുന്ന ആ നിമിഷത്തിനായി !!!

സീനിൽ സംസാരിക്കേണ്ട ഡയലോഗ് ഒക്കെ ഉത്സാഹത്തോടെ മുന്നേക്കൂട്ടി തന്നെ കാണാപാഠം പഠിച്ചു ,,സീനിന് വേണ്ടി കാത്തിരുന്നു …..

ഒരു വീടിന്റെ ഉൾവശത്തെ സീനാണ് എടുക്കുന്നത് ,,വീടിനുള്ളിലെ വാഷ് ബേസിനിൽ നിന്നും മുഖം കഴുകിയതിന് ശേഷം തന്റെ മുന്നിൽ നിൽക്കുന്ന അമ്മ ,,അച്ഛൻ ,,ചേട്ടൻ എന്നിവരോടുള്ള തുടർച്ചയായ ഡയലോഗ് കൂടി ഉൾപ്പെട്ടതാണ് സീൻ ,,,അയാൾ അത്യാവശ്യം ആത്മവിശ്വാസത്തോടെ തന്നെ ആ സീൻ കൈകാര്യം ചെയ്തു ….

ഐ വി ശശി സാറിന്റെ അഭിപ്രായം എന്താന്നറിയാനുള്ള ആകാംഷ അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു !!! പക്ഷെ അയാളെയും കൂടെ സെറ്റിൽ നിന്നവരെയും ഞെട്ടിച്ചുകൊണ്ട് ഐ വി ശശി അവിടെ നിന്നും പുറത്തേക്ക് പോയി !!!

എന്താ സംഗതിയെന്ന് കുറച്ചു സമയത്തേക്ക് അയാൾക്ക്‌ മനസ്സിലായില്ല ,,,പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ഐ വി ശശിയുടെ അസിസ്റ്റന്റ് ആയിരുന്ന ഷാജൂൺ കാര്യാലിൽ നിന്നും അയാൾ ഞെട്ടലോടെ ആ വാർത്ത കേട്ടു !!!

എടോ താൻ ഭയങ്കര ഉയരക്കൂടുതൽ ആണെടോ !!! കൂടെ നിന്ന് തന്റെ ഫാമിലി മെമ്പർമാർ ആയി അഭിനയിക്കുന്ന ആളുകളുമായി ഒന്നും ഒരു മാച്ച് ഇല്ലെടോ ,,,ഇത്തവണ ഒന്ന് ക്ഷമിക്ക് !!അടുത്തത് ഏതേലും നമുക്ക് സെറ്റാക്കാം !!

അയാളുടെ ആത്മവിശ്വാസങ്ങളിൽ ഒന്നായ “ഉയരം”തന്നെ അയാളുടെ ആദ്യത്തെ റോൾ നഷ്ടമാക്കി!!!

തത്കാലം ഈ ഷൂട്ടിന്റെ പരിസരത്തൊക്കെ തന്നെ കൂടിക്കോ എന്ന് ആ പടത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞെങ്കിലും പിന്നെ അയാൾ അവിടെ നിന്നില്ല !!
അയാളുടെ സങ്കടം അവിടെ നിർത്തിയില്ല എന്നതാണ് സത്യം !!! ആ ഒരു ദിവസം മുഴുവനും കരഞ്ഞു !!!ഇനിയെന്ത് എന്നറിയാതെ വഴിമുട്ടിയ മനസ്സ്നെ തിരികെ വീണ്ടും ആഗ്രഹത്തിന്റെ വഴിയേ ആത്മവിശാസത്തോടെ നടത്താൻ സ്വന്തം ചേട്ടനും കൂട്ടുകാരുമടക്കം പലരും കൂടെ നിന്നു ……….

വീണ്ടും മനസ്സൊരുക്കി ഐ വി ശശിയുടെ സെറ്റിലേക്ക് ,,ആ പടത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി തന്റെ ആഗ്രഹമടക്കി ,,,ആ സമയത്ത് ഒരു സുഹൃത്ത് മുഖാന്തരം തമിഴിലെ ഒരു വലിയ പ്രൊഡ്യൂസർ ആയിരുന്ന ജി കെ റെഡ്ഢിയുടെ ഓഫീസിലെത്തുന്നു ,,,

റെഡ്ഢി പുതുതായി ചെയ്യാൻ പോകുന്ന പടത്തിലേക്കുള്ള ഓഡിഷൻ അറ്റൻഡ് ചെയ്യുന്നു ,,,തനിക്ക് കിട്ടിയ തമിഴ് ഡയലോഗ് മനസ്സിരുത്തി പഠിച്ചു തന്നെ അവിടെ അയാൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു !!!

ശരത് കുമാർ നായകനായ “മഹാപ്രഭൂ “എന്ന പടത്തിൽ വില്ലനായി പേരെടുത്ത് പറയാവുന്ന അരങ്ങേറ്റം !!!

സിനിമാലോകത്തേക്ക് ചുവട് വയ്ക്കുന്ന ആ യുവാവിന് ജി കെ റെഡ്ഢി ഒരു പേര് നിർദ്ദേശിച്ചു ,,,അദ്ദേഹത്തിന്റെ ഇളയ മകന്റെ പേര് !!!

അങ്ങനെ ജി കെ റെഡ്ഢിയുടെ മകനായ ,,ഇന്നത്തെ തമിഴിലെ യൂത്ത് സ്റ്റാർ ആയ “വിശാൽ “ന്റെ പേരിൽ അയാളുടെ അരങ്ങേറ്റം …..

ആ പടത്തിൽ അഭിനയിച്ചോണ്ടിരിക്കുമ്പോഴാണ് രാജൻ പി ദേവുമായി സൗഹൃദത്തിലാവുന്നതും ആ സൗഹൃദം മൂലം സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന മലയാളം പടത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതും !!!ഒരിക്കൽ ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞു വിട്ട നമ്മുടെ മലയാളത്തിലേക്കുള്ള മൂപ്പരുടെ ആദ്യവരവായിരുന്നു ആ പടം ……

തമിഴിലെ “മഹാപ്രഭൂ” അത്യാവശ്യം പേരെടുത്തതോടെ അയാളെ തേടി തെലുങ്കിൽ നിന്ന് മറ്റൊരു ഭാഗ്യമെത്തി!!!!

“കോടി രാമകൃഷ്ണ”

തെലുങ്ക് സിനിമാചരിത്രത്തിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ സംവിധായകൻ …..

തന്റെ 125മത് പടമായ “ദേവി”യിലേക്ക് നായകന്റെ റോളിൽ ആ യുവാവിനെ ക്ഷണിച്ചു !!! ആ സമയം തന്നെ സിദ്ദിഖ് ഷമീർന്റെ മൂന്നാമത്തെ പടമായ ഇഷ്ടമാണ് നൂറ് വട്ടത്തിലേക്കും നായകനായി അയാളെ ക്ഷണിക്കുന്നു !!!

രണ്ടു പടങ്ങളുടെയും പൂജ ഒരു ദിവസം !!!

രണ്ടും ചെന്നൈയിൽ രണ്ടു സ്റ്റുഡിയോകളിലായി !!!

ദേവിയുടെ പൂജാവേള ബ്രഹ്‌മാണ്ഡമായി തന്നെ നടക്കുന്നു !!!രാം ഗോപാൽ വർമ്മയും ചിരഞ്ജീവിയുമടക്കം പ്രമുഖർ ആ യുവാവിനെ തെലുങ്ക് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്യാനെത്തിയിരുന്നു !!! ആ പൂജ നടക്കുന്നതിനിടയിൽ പ്രൊഡ്യൂസറെ കണ്ട് അനുവാദം വാങ്ങി തൊട്ടപ്പുറത്ത് ഇഷ്ടമാണ് നൂറു വട്ടം സിനിമയുടെ പൂജയ്ക്ക് ചെല്ലുന്നു !!!

അയാൾ തുടങ്ങുകയാണ് !!!!

മലയാളത്തിൽ ഷിജു റഷീദ് എന്ന പേരിൽ !!!
തെലുങ്കിൽ “ദേവി “ഷിജുവായി !!!

അന്ന് ദേവിയിൽ ഷിജുവിനൊപ്പം മറ്റൊരു പ്രതിഭ കൂടി അരങ്ങേറ്റം കുറിച്ചിരുന്നു ,,,സൗത്ത് ഇന്ത്യയിൽ ഇന്ന് “DSP “എന്നറിയപ്പെടുന്ന പ്രമുഖ സംഗീതസംവിധായകൻ ശ്രീപ്രസാദ് അങ്ങനെ ദേവിയിലൂടെ “ദേവി ശ്രീ പ്രസാദ് “ആയി അരങ്ങേറ്റം കുറിച്ചു ………

രണ്ടു പടങ്ങളും ഒരുമിച്ചു തന്നെ ഷൂട്ടിംഗ് തുടങ്ങി ,,ആദ്യം ഇഷ്ടമാണ് നൂറു വട്ടം ഷൂട്ടിങ് കഴിഞ്ഞു ,,,

ദേവിയിൽ നായകനായ സമയത്ത് തന്നെ ഷിജുവിന് പന്ത്രണ്ടോളം പടങ്ങൾ തമിഴിൽ നിന്ന് വരുന്നു ,,ആ വർഷം മുഴുവനും അയാളുടെ കാൾ ഷീറ്റ് ഫിൽ ആവുന്നു !!!

ഇനി ഞാൻ തന്നെ അടുത്ത സൂപ്പർസ്റ്റാർ എന്ന് അയാളുടെ മനസ്സ് ആവേശത്തിലായിരുന്നു !!!

പക്ഷെ !!!

അയാളുടെ സ്വപ്നങ്ങളൊക്കെയും വരാൻ പോണ ദിവസങ്ങളിൽ തകരാൻ പോകുന്ന തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള കൊട്ടാരമാണെന്ന് അയാൾ അറിഞ്ഞില്ല !!

തമിഴ് സിനിമാപ്രവർത്തകർക്കിടയിൽ തൊഴിൽ സമരം !!!സമരങ്ങൾ മാറിയപ്പോ നിയമങ്ങളും മാറുന്നു ,,,അത് വരെ പുതിയ താരങ്ങളെ സ്വാഗതം ചെയ്യാൻ മനസ്സ്കാട്ടിയിരുന്ന നിർമാതാക്കൾ തിയറ്റർ വാല്യൂ ഉള്ള രജനി ,,കമൽ ,,ശരത് കുമാർ ,,മുരളി തുടങ്ങിയവരിൽ മാത്രമായി ഒതുങ്ങാൻ തുടങ്ങി !!!

ഷിജു റഷീദ് എന്ന പുതുമുഖനായകന് വന്ന റോളുകൾ എല്ലാം തന്നെ ക്യാൻസൽ ചെയ്യപ്പെട്ടു ,,,പലരുടെയും കയ്യിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുക്കേണ്ടി വന്നു !!!

സിനിമയുടെ വർണ്ണക്കാഴ്ചകൾ ഏറ്റവുമുയരത്തിൽ അയാൾക്ക്‌ മുന്നിൽ തെളിഞ്ഞതും ഇരുട്ട് പടർന്നതുമെല്ലാം പെട്ടെന്നായിരുന്നു !!!

തെലുങ്കിൽ അഭിനയിക്കുന്ന ദേവിയുടെ ഷൂട്ട് ഏതാണ്ട് മൂന്ന് കൊല്ലത്തോളം നീണ്ടു !!!ഷൂട്ട് മുഴുമിക്കാൻ പ്രൊഡ്യൂസർക്ക് ഒട്ടു മിക്കതും വിൽക്കേണ്ടി വന്നു !!!

ഇതിനിടയിൽ ഇഷ്ടമാണ് നൂറുവട്ടം മലയാളത്തിൽ റിലീസ് ആവുകയും പടത്തിന് നല്ല അഭിപ്രായം കിട്ടിയെങ്കിലും നായകൻ എന്ന നിലയിൽ ആഗ്രഹിച്ച പോലെ അദ്ദേഹത്തിന്റേതായ ഒരോളം ഉണ്ടാക്കാൻ പറ്റാതെ പോവുകയും ചെയ്തു !!!

നടുക്കടലിൽ ഒരു മരത്തടി പോലും സപ്പോർട്ട് ഇല്ലാതെ കൈകാലിട്ടടിച്ച സമയത്ത് അയാൾക്ക്‌ മുന്നിൽ ഒരു കപ്പൽ തന്നെ പ്രത്യക്ഷപ്പെടുന്നു !!!അതിൽ നിന്നും ഇട്ടുകൊടുത്ത കയറിൽ തൂങ്ങി അയാൾ കപ്പലിൽ കയറി കുറച്ചു ദൂരം പോകുന്നു !!തീരം തൊടാറായി എന്ന് തോന്നിയ സമയം ആ കപ്പൽ ഒരു ചുഴിയിൽ പെടുന്നു !!! ഏതാണ്ട് ഇതേ നിർണ്ണായകവസ്ഥയിൽ ആയിരുന്നു അയാൾ !!! പക്ഷെ മഴക്കാറ് നീങ്ങി മാനം തെളിഞ്ഞ പോലെ തെലുങ്കിൽ ദേവി റിലീസ് ചെയ്യപ്പെട്ടു ,,, അത് അയാൾക്ക് പുതുവെളിച്ചമായി !!!
ദേവി ബ്രഹ്മാണ്ഡഹിറ്റായി !!!ഏകദേശം ഒരു വർഷത്തോളം ആ പടം തെലുങ്കിൽ കളിച്ചു !!!

ഇനി തന്റെ രാശി തെലുങ്കിലാണെന്ന് ഉറപ്പിച്ചുകൊണ്ട് ദേവി ഷിജു ഇറങ്ങി ,,കയ്യിൽ കിട്ടിയ കുറച്ചു പടങ്ങൾ ചെയ്യവേ ,,, രവി തേജയുടെ കൂടെയുള്ള ഒരു പടത്തിന്റെ ഫൈറ്റിനിടെ മുതുകിന് പരിക്ക് പറ്റുന്നു !!!അഞ്ച് ഡിസ്ക് തെറ്റി കിടപ്പിലാവുന്നു !!!

സിനിമയില്ലാതെ ഒരു വർഷത്തോളം ബെഡിൽ !!!

വീണ്ടും തുടങ്ങിയിടത്ത് തന്നെ വന്ന് നിൽക്കുന്ന അവസ്ഥ !!!

പക്ഷെ തോൽക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു !!!ഇനിയെന്ത് എന്നാലോചിച്ചു നിൽക്കുന്ന സമയത്ത് അയാൾക്ക് തണലായി ചില സീരിയലുകൾ വന്നു ,,,സീരിയലും ഇടയ്ക് ഓരോ സിനിമയുമായി അയാൾ വീണ്ടും സ്ക്രീനിലേക്ക് വന്നു !!!സിനിമയായാലും സീരിയൽ ആയാലും കിട്ടുന്ന ഏതു ചെറിയ റോളിലും സന്തോഷം കണ്ടെത്തുന്ന ഒരു മനസ്സുമായി അഭിനയത്തെ മുറുകെപിടിച്ചുകൊണ്ട് അയാൾ ഇവിടെ തന്നെയുണ്ട് ……..

പലപ്പോഴും ചില ഇന്റർവ്യൂവിൽ അദ്ദേഹത്തോട് ചിലർ ചോദിക്കുന്നത് കണ്ടിട്ടുണ്ട് ,,,

ഷിജുവിന് ആഗ്രഹിച്ച പോലെ ഒരുയരത്തിൽ എത്താൻ പറ്റാത്തതിൽ വിഷമമുണ്ടോ എന്ന് ???

ആ ചോദ്യത്തോട് ശക്തമായി വിയോജിച്ചുകൊണ്ട് തന്നെ പറയട്ടെ ,,,

പേരെടുത്ത് പറയാൻ ഒരു ഗോഡ്ഫാദർ ഇല്ലാതെ ,,,സാധാരണ സിനിമാമോഹികൾ അനുഭവിക്കുന്ന ബുദ്ദിമുട്ടുകൾ എല്ലാം തന്നെ അനുഭവിച്ചുകൊണ്ട് ഫീൽഡിൽ വന്ന് തന്റെ വളരെ ചെറിയ വയസ്സിൽ തന്നെ പരിചയമില്ലാത്ത മറ്റൊരു ഭാഷയിൽ പോയി ഏതാണ്ട് ഒരു കൊല്ലത്തോളം ഓടിയ ഒരു പടത്തിന്റെ ഹീറോ ആയി!!!

മലയാളം ,,തമിഴ് ,,തെലുങ്ക് ,,കന്നഡ ,,ഇംഗ്ലീഷ് ,,ഒഡിയ തുടങ്ങി ആറു ഭാഷകളിലെ അഭിനയപരിചയം !!!

2002-ൽ “In the name of Buddha “എന്ന ഇംഗ്ലീഷ് സിനിമയിൽ നായകനായി “Oslo film festival”പോലുള്ള അന്താരാഷ്ട്രചലച്ചിത്രമേളകളിൽ നിരൂപകരുടെ ശ്രദ്ധയാകർഷിച്ചു !!!

ഒന്നാലോചിച്ചു നോക്കിയാൽ ഇവിടെ മൂപ്പര് കണ്ട ഉയരങ്ങളൊന്നും ഇപ്പോഴും ഇമ്മടെ പല മെയിൻ സ്റ്റാറുകളും കണ്ടിട്ടില്ല !!!

താരത്തിളക്കം കാണേണ്ടത് ഉയരങ്ങൾ കാണിച്ചുള്ള താരതമ്യങ്ങളിലല്ല ….
സിനിമ എന്നത് അനന്തമായ ആകാശം കണക്കാണ് ,,അഞ്ഞൂറ് രൂപ വാങ്ങുന്ന ജൂനിയർ നക്ഷത്രങ്ങളും ആയിരങ്ങളും ലക്ഷങ്ങളും കോടികളും വാങ്ങുന്ന മറ്റ് നക്ഷത്രങ്ങളുമുള്ള ആകാശം …
ഭൂമീന്ന് നോക്കിയാൽ നമ്മള് പ്രേക്ഷകർക്ക് അതിനെല്ലാം ഒരേ തിളക്കമാണ് !!!

സിനിമയുടെ കയറ്റമിറക്കങ്ങളിൽ അടിപതറാതെ കിട്ടിയ വേഷങ്ങളൊക്കെയും സന്തോഷത്തോടെ അർപ്പണബോധത്തോടെ കെട്ടിയാടി പ്രേക്ഷകരെ രസിപ്പിക്കുന്ന ആ നക്ഷത്രങ്ങൾക്ക് വേണ്ടി.

Leave a Reply