Spread the love

ലഹരി മരുന്ന് തിരയാൻ പൊലീസ് എത്തിയപ്പോൾ കൊച്ചിയിൽ പി.ജി.എസ് വേദാന്ത ഹോട്ടലി​ലെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചാക്കോക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. എന്നാൽ ഇയാൾ കേരളം വിട്ടതായാണ് സൂചന. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ടവര്‍ നോക്കിയാണ് അന്വേഷണ സംഘം നീങ്ങുന്നത്.

അവസാന മൊബെൽ ടവർ സൂചന കാണിക്കുന്നത് നടൻ തമിഴ്നാട്ടിൽ എത്തിയെന്നാണ്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരിശോധന തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ടാക്‌സി ഏർപ്പാടാക്കിയാണ് നടൻ കടന്നുകളഞ്ഞത്. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ‘സൂത്രവാക്യം’ സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് യുവനടി വിന്‍സി അലോഷ്യസ് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിൽ പരാതി നല്‍കിയിരുന്നു. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയിരിക്കാം എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വ്യാപകമായ അന്വേഷണം നടത്തിവരുന്നതായി കൊച്ചി പൊലീസ് അറിയിച്ചു.

Leave a Reply