ഷൈൻ ടോം ചാക്കോ പ്രതിയായിട്ടുള്ള ലഹരി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നടി വിൻസി അലോഷ്യസിന്റെ പരാതി വിവാദമായതോടെ നിരവധി പേർ നടനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷൈൻ ഒരു പാവം വ്യക്തി ആണെന്നും അയാൾക്ക് ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ടാണ് വിമർശിക്കപ്പെടുന്നത് എന്നും പറഞ്ഞ് രംഗത്തെത്തുകയാണ് സംവിധായകൻ ശാന്തിവിള ഗണേഷ്. ഒപ്പം നടൻ ശ്രീനാഥ് ഭാസിക്കെതിരെയും ഷേയ്ൻ നിഗത്തിനെതിരെയും കടുത്ത വിമർശനങ്ങളും ആണ് ശാന്തിവിള ഉന്നയിക്കുന്നത്.
ഷൈൻ ടോം ചാക്കോ സെറ്റുകളിൽ കൃത്യമായി എത്തുന്ന അച്ചടക്കം പാലിക്കുന്ന നടനാണെന്നും അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ശാന്തിവിള ചൂണ്ടിക്കാണിക്കുന്നു. ഷൈൻ ടോം ചാക്കോയ്ക്ക് ചോദിക്കാനും പറയാനും ആളില്ലാത്തതുകൊണ്ടാണ് ഇത്തരം അനുഭവങ്ങൾ എന്ന് പറഞ്ഞ ശാന്തിവിള സിനിമയിൽ ഇതിലും വലിയ കുഴപ്പക്കാർ വേറെ ഉണ്ടല്ലോ എന്തുകൊണ്ട് അവരെ ഒന്നും വിമർശിക്കുന്നില്ല എന്നും ചോദിക്കുന്നു.
ശ്രീനാഥ് ഭാസിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയ ശാന്തിവിള കഴിഞ്ഞദിവസം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ നടൻ യാതൊരു മുന്നറിയിപ്പുമില്ലാതെ മലേഷ്യയിലേക്ക് കടന്നുകളഞ്ഞെന്നും ആരോപിച്ചു. പത്തു നൂറു പേർ അടങ്ങിയ ക്രൂ സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ശ്രീനാഥ് ഭാസി ഫോൺ ചെയ്ത് പുറത്തു പോവുകയായിരുന്നു എന്നും ഒപ്പം അഭിനയിച്ചിരുന്നവരെയും മുഴുവൻ സെറ്റ് അംഗങ്ങളെയും അനിശ്ചിതാവസ്ഥയിൽ നിർത്തി മലേഷ്യയിലേക്ക് പോയെന്നുമാണ് ശാന്തിവിള ആരോപിക്കുന്നത്. ശ്രീനാഥ് ഇത്തരത്തിൽ കടന്നു കളയാൻ കാരണം അവിടെ വലിക്കുന്നത് വില കുറച്ച് കിട്ടുന്നത് കൊണ്ടാണെന്നും ശാന്തിവിള പറയുന്നു.
ഇതിനിടെ ഷെയ്ൻ നിഗത്തിനെതിരെയും ശാന്തിവിള വിമർശനം ഉന്നയിച്ചു. അഭിനയിച്ചുകൊണ്ടിരുന്ന സെറ്റിൽ നിന്നും മുങ്ങി മുടി മുറിച്ച് കളഞ്ഞ ആളുണ്ടല്ലോ, അപ്പോൾ ഇവരെയൊന്നും ആർക്കും ബാൻ ചെയ്യണ്ടേ. ഷൈൻ ഒരു പാവം ആയതുകൊണ്ടാണ് ഇതൊക്കെ ഫെയ്സ് ചെയ്യേണ്ടി വരുന്നത് എന്നും ശാന്തിവിള പറഞ്ഞു.