തിരക്കേറിയ മുംബൈ നഗരം അന്ദേരിയിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ട ‘ഗുഹാമനുഷ്യന്‍റെ’ വീഡിയ അതിവേഗമാണ് വൈറലായത്. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ കാട്ട് വേഷവുമായി ഒരാൾ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവില്‍ എത്തി. ആദ്യ കൗതുകത്തിന് ആളുകള്‍ ഇത് നോക്കി നിന്നുവെങ്കിലും പിന്നീട് നടന്ന് നീങ്ങി.എന്തായാലും ഇതിന്‍റെ ശരിക്കും വീഡിയോ പിന്നീട് എത്തി. ഈ ‘ഗുഹാമനുഷ്യൻ’ യഥാർത്ഥത്തിൽ പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാനായിരുന്നു. ആരും ആമിറിനെ തിരിച്ചറിഞ്ഞില്ലെന്നതാണ് നേര്.
ആമിർ ഖാന്‍റെ ഈ ‘ഗുഹാമനുഷ്യൻ’ പ്രാങ്കിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. റിക്ഷകളുടെയും കാല്‍നടയാത്രക്കാരുടെയും ഇടയിൽ ആരും ശ്രദ്ധിക്കാതെ കൈ വണ്ടി തള്ളിക്കൊണ്ട് സാധാരണയായി നടന്നുകൊണ്ടിരുന്ന നടന്‍റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.പിന്നീട് ആമിര്‍ ഖാന്‍ ഗുഹമനുഷ്യനായി മാറുന്ന വീഡിയോ പുറത്ത് എത്തിയതോടെയാണ് ഇത് ആമിര്‍ ആണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് മനസിലായത്. ശരിക്കും ഒരു എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രാങ്ക്.
ഈ പരസ്യ വീഡിയോയില്‍ ആമിര്‍ ഗുഹ മനുഷ്യനായാണ് എത്തിയത്. ഈ പരസ്യം ഇറങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഇദ്ദേഹം വേഷം മാറി തെരുവില്‍ എത്തിയത്. എന്തായാലും വീഡിയോ വൈറലായി. ഈ പരസ്യവും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്.
2007-ലെ താരേ സമീൻ പറിന്‍റെ തുടർച്ചയായ സിത്താരെ സമീൻ പർ എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ആമിർ ഖാൻ. പുത്തൻ പ്ലോട്ടും കഥാപാത്രങ്ങളും അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആമിർ ഖാൻ ദർശീൽ സഫാരിയുമായി വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിൽ ജെനീലിയയും അഭിനയിക്കും. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷനിലാണ്, 2025 പകുതിയോടെ റിലീസാകുമെന്നാണ് കരുതുന്നത്.