Spread the love

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഫഹദ് ഫാസിൽ ചിത്രത്തിന്റെ സിനിമാ ഷൂട്ടിങ് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന ചിത്രത്തിന്റെ സിനിമാ ഷൂട്ടിങ്ങാണ് വ്യാഴാഴ്ച രാത്രി അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയത്.

വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം തുടർന്നെന്നാണ് ആരോപണം.

പരിമിതമായ സ്ഥലം മാത്രമുള്ള അത്യാഹിത വിഭാഗത്തിലെ ഷൂട്ടിങ് രോഗികളെ വലച്ചെന്നാണ് വിവരം. ​ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ലെന്നും റിപ്പോർട്ടുണ്ട്. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ലെന്നും പരാതിയുണ്ട്.

Leave a Reply