Spread the love

ഷൊർണൂർ-നിലമ്പൂർ പാതയിലെ എട്ട്‌ സ്റ്റേഷനുകളിൽ രണ്ടു വർഷത്തിനുശേഷം യാത്രാതീവണ്ടിക്ക് സ്റ്റോപ്പാകുന്നു. മാർച്ച് ഒന്നിന് ഓട്ടം തുടങ്ങുന്ന അൺറിസർവ്ഡ് എക്സ്പ്രസ് പ്രത്യേക തീവണ്ടിയാണ് ഇപ്പോൾ സ്റ്റോപ്പില്ലാത്ത എട്ട്‌ സ്റ്റേഷനുകളുൾപ്പെടെ 12 സ്റ്റേഷനിലും നിർത്തുക. രണ്ട്‌ തീവണ്ടികൾ നിലവിൽ പാതയിൽ ഓടുന്നുണ്ടെങ്കിലും ഇവ നാല്‌ സ്റ്റേഷനിൽ മാത്രമാണ് നിർത്തുന്നത്. കോവിഡ് കാലം തുടങ്ങിയശേഷം എട്ട്‌ സ്റ്റേഷനുകൾ പ്രവർത്തനമില്ലാത്ത സ്ഥിതിയിലായിരുന്നു.

നിലവിൽ സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസും കോട്ടയം-നിലമ്പൂർ എക്സ്പ്രസും ഷൊർണൂർ, അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളിൽമാത്രമാണ് നിർത്തുന്നത്. തൊടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറിശ്ശി എന്നീ സ്റ്റേഷനുകളിൽ രണ്ടുവർഷമായി സ്റ്റോപ്പില്ല. ഇവിടങ്ങളിലാണ് ഒരു തീവണ്ടിക്ക് ഇപ്പോൾ സ്റ്റോപ്പനുവദിക്കുന്നത്.

2020 മാർച്ചിൽ കോവിഡ് തുടങ്ങിയ കാലത്താണ് ഈ സ്റ്റേഷനുകളിൽ തീവണ്ടി നിർത്തിയുള്ള സർവീസ് അവസാനിപ്പിച്ചിരുന്നത്. മാർച്ച് ഒന്നിന്‌ തുടങ്ങുന്ന തീവണ്ടി രാവിലെ ഏഴിന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 8.30-ന് ഷൊർണൂരിലെത്തുന്ന രീതിയിലാണ് ഒരു സർവീസ്. തിരിച്ച് അതേ തീവണ്ടി വൈകീട്ട് 5.55-ന് ഷൊർണൂരിൽ നിന്നു തുടങ്ങി 7.55-ന് നിലമ്പൂരിലെത്തുന്ന രീതിയിലും സർവീസ് നടത്തും. രണ്ട് സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടെ 12 കോച്ചുകളാണുണ്ടാവുകയെന്നും റെയിൽവേ അധികൃതർ പറയുന്നു.

തീവണ്ടികൾക്ക് സ്റ്റോപ്പില്ലാത്തതുമൂലം ഈ സ്റ്റേഷൻ പ്രദേശങ്ങളിലുള്ളവർക്കെല്ലാം രണ്ടുവർഷമായി യാത്ര ദുരിതത്തിലായിരുന്നു. നിലവിൽ അനുവദിച്ചതുൾപ്പെടെ മൂന്നു തീവണ്ടികൾ ഇനി പാതയിലുണ്ടാകും. എന്നാൽ, ഏഴ്‌ തീവണ്ടികളുണ്ടായിരുന്നിടത്താണ് ഇപ്പോഴും മൂന്നെണ്ണം മാത്രമുള്ളത്. തീവണ്ടികളെല്ലാം പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

Leave a Reply