പെരിന്തൽമണ്ണ: ജില്ലയിൽ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാത്തത് വിവിധ രജിസ്‌ട്രേഷനുകൾ പ്രതിസന്ധിയിലാക്കുന്നു. മാസങ്ങളായി അനുഭവപ്പെടുന്ന ക്ഷാമം ഇപ്പോൾ രൂക്ഷമായി. പ്രധാനമായും 1000, 500, 100, 50 രൂപയുടെ മുദ്രപ്പത്രങ്ങളാണ് കിട്ടാനില്ലാത്തത്.ഇതുമൂലം ചെറിയ തുകയുടെ രജിസ്‌ട്രേഷന് കൂടുതൽ തുകയുടെ മുദ്രപ്പത്രം വാങ്ങേണ്ട സ്ഥിതിയിലാണ് വിവിധ രജിസ്‌ട്രേഷനെത്തുന്നവർ . ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം, ചെറിയ വിൽപ്പന ആധാരങ്ങൾ തുടങ്ങിയവ രജിസ്റ്റർ ചെയ്യാനാവുന്നില്ല. പ്രവാസികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് നിശ്ചയിച്ച സമയത്ത് രജിസ്‌ട്രേഷൻ നടത്താനാകാത്തത് കൂടുതൽ പ്രയാസമുണ്ടാക്കുന്നു. ആധാരം എഴുത്തുകാരെയും സ്റ്റാമ്പ് വെണ്ടർമാരെയും പ്രശ്‌നം കാര്യമായി ബാധിക്കുന്നുമുണ്ട്. വലിയ വിലയുടെ ആധാരങ്ങൾ രജിസ്റ്റർചെയ്യുമ്പോൾ ചില്ലറത്തുകകൾ കൂട്ടിച്ചേർക്കാനും പ്രയാസമാണ് . മഞ്ചേരിയിലെ ജില്ലാ സ്റ്റാമ്പ് ഡിപ്പോയിലും 1000, 500 രൂപയുടെ മുദ്രപ്പത്രങ്ങൾ സ്റ്റോക്കില്ല. എപ്പോഴെങ്കിലും കുറച്ചു സ്‌റ്റോക്ക് ലഭിച്ചാലും ജില്ലയിലെ അമ്പതോളം സ്റ്റാമ്പ് വെണ്ടർമാർക്ക് കുറച്ചുമാത്രമേ നൽകാനാവുന്നുള്ളൂ. ഒട്ടേറെ ആവശ്യക്കാരും ഇടപാടുകളുമുള്ള ജില്ലയാണ് മലപ്പുറം. മുദ്ര പത്ര ക്ഷാമം വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമായേക്കും. റവന്യൂവകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തെ സെൻട്രൽ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽനിന്നാണ് കേരളത്തിലെ ജില്ലാ ഡിപ്പോകളിലേക്ക് മുദ്രപ്പത്രം എത്തിക്കുന്നത്. അവിടെനിന്ന് ട്രഷറികൾ വഴി വെണ്ടർമാർക്ക് നൽകും. ധനകാര്യം, റവന്യൂ, പോലീസ് വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് മുദ്രപ്പത്രങ്ങൾ വിതരണത്തിനെത്തിക്കുക. ഇ-സ്റ്റാമ്പ് പദ്ധതിയുടെ ഭാഗമായി മുദ്രപ്പത്രങ്ങൾ കൂടുതൽ അച്ചടിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും സൂചനയുണ്ട്.